ഡൽഹിയിൽ ദീപാവലിക്ക് പടക്കത്തിന്‍റെ പകിട്ട് വേണ്ടെന്ന് സുപ്രീം കോടതി
Monday, October 9, 2017 10:56 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ദീപാവലി ആഘോഷങ്ങ‍ൾക്ക് ഇത്തവണ പടക്കത്തിന്‍റെ പകിട്ടുണ്ടാകില്ലെന്ന് ഉറപ്പായി. ദീപവലിക്ക് പടക്ക വിൽപന പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിറക്കി. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടിയെന്നാണ് വിവരം. നവജാത ശിശുക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

നവംബർ ഒന്നുവരെ ഡൽഹിയിൽ കരിമരുന്ന പ്രയോഗം പാടില്ലെന്നാണ് ഉത്തരവ്. പടക്കങ്ങൾ വിൽക്കുന്നതിന് 2016ൽ ഏർപ്പെടുത്തിയ വിലക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കോടതി പിൻവലിച്ചിരുന്നു. പടക്കങ്ങളുടെ അമിതമായ ഉപയോഗം മനുഷ്യനു പുറമേ മറ്റ് ജീവജാലങ്ങളെയും ബാധിക്കുമെന്നും ഡൽഹിയിൽ 30 ശതമാനം കുട്ടികൾക്കും ആസ്മ ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു അന്ന് കോടതി വിലക്കേർപ്പെടുത്തിയത്.

ആഘോഷവേളകളിൽ പടക്കം കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളേ സംബന്ധിച്ച് പഠിക്കുന്നതിന് ഒരു കമ്മീഷനെയും കോടതി നിയോഗിച്ചിരുന്നു.