കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി, തുടർന്നു സ്വയം നീട്ടിവച്ചു
Wednesday, October 11, 2017 11:37 AM IST
ബാഴ്സലോണ: കാറ്റലോണിയൻ പ്രസിഡന്‍റ് കാർലസ് പീജ്ഡിമോന്‍റും പ്രാദേശിക സർക്കാർ മേധാവികളും സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പു വച്ചു. എന്നാൽ, സ്പാനിഷ് നേതാക്കളുമായി ചർച്ചക്ക് വഴിയൊരുക്കി, ഇതു നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയും ചെയ്തു.

നേരത്തെ നടത്തിയ വിവാദ ജനഹിത പരിശോധനയിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പാർലമെന്‍റ് പ്രത്യേക സെഷൻ ചേർന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഹിതപരിശോധനയും പാർലമെന്‍റിന്‍റെ പ്രത്യേക സെഷനും നേരത്തെ കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനവും മാഡ്രിഡ് ആസ്ഥാനമായ സ്പാനിഷ് സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്.

ജനഹിത പരിശോധനയിൽ പങ്കെടുത്ത 90 ശതമാനം പേരും സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. എന്നാൽ, ഇതിനെതിരേ നിലപാടെടുത്തവർ വ്യാപകമായി വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. ആകെ വോട്ടർമാരിൽ 43 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ടെടുപ്പ് നടത്തിയതിൽ ക്രമക്കേടുകൾ നടന്നതായും ആരോപണമുയരുന്നു.

കാറ്റലൻ ജനത ക്രിമിനലുകളോ ഭ്രാന്തൻമാരോ അല്ലെന്നും വോട്ട് ചെയ്യാൻ ആഗ്രഹിച്ചവർ മാത്രമാണെന്ന് പീജ്ഡിമോന്‍റ് പറഞ്ഞു. സ്പെയ്നും സ്പാനിഷ് ജനതയ്ക്കുമെതിരേ കാറ്റലോണിയക്കാർക്ക് ഒരു വിരോധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണം ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി മരിയാനോ രജോയ്

ഭരണഘടനയ്ക്ക് കീഴിലുള്ള കാറ്റലോണിയയുടെ സ്വയംഭരണാവകാശത്തെ സസ്പെൻഡ് ചെയ്യാനുള്ള ആദ്യപടിയെന്നോണം പ്രദേശത്തിന്‍റെ ഭരണം ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി മരിയാനോ രജോയ്. കറ്റാലൻ ഭരണകൂടം ചൊവ്വാഴ്ച സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ ഒന്നിനാണ് കറ്റലോണിയയിൽ സ്പെയിനിലെ ഭരണഘടന അസാധുവായി പ്രഖ്യാപിച്ചത്. എന്നാൽ “ഭരണഘടനയുടെ ആർട്ടിക്കിൾ 155 അനുസരിച്ച് ഗവണ്‍മെന്‍റ് ഏറ്റെടുക്കാവുന്ന നടപടികൾക്കാണ് ഇപ്പോൾ ശ്രമിക്കുന്നത്. തന്നെയുമല്ല “കാറ്റലോണിയ നേരിടുന്ന അവസ്ഥയ്ക്ക് അറുതിവരുത്തേണ്ട അടിയന്തര ആവശ്യവും ഇപ്പോൾ സംജാതമാണ്. അത് ജനങ്ങളുടെ പൗര·ാരുടെ സുരക്ഷ, ശാന്തത, സ്വതന്ത്രജീവിതം തുടങ്ങിയവയിലേക്ക് തിരിച്ചുവരാൻ സർക്കാർ ആഗ്രഹിക്കുന്നു. അതാണ് പുതിയ നടപടിക്കു പിന്നിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ