ഡീസൽ കാറുകൾ നിരോധിക്കാൻ കോപ്പൻഹേഗൻ മേയർ
Wednesday, October 11, 2017 11:51 AM IST
കോപ്പൻഹേഗൻ: ഡെൻമാർക്കിന്‍റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ 2019 മുതൽ ഡീസൽ കാറുകൾ നിരോധിക്കാൻ മേയർ പദ്ധതി തയാറാക്കുന്നു. 2019 ജനുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മേയർ ഫ്രാങ്ക് ജെൻസൻ പറഞ്ഞു.

നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡീസൽ കാർ നിരോധനം. അതേസമയം നടപടി വിവാദമാകുമെന്നും നടപ്പാക്കാൻ എളുപ്പമായിരിക്കില്ലെന്നും തനിക്കറിയാമെന്നും ജെൻസൻ പറഞ്ഞു. എന്നാൽ, പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

വായു മലിനീകരണം കാരണം പ്രതിവർഷം എണ്‍പതോളം പേരാണ് നഗരത്തിൽ മരിക്കുന്നത്. ഇതിനു പ്രധാന കാരണം ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്ന നൈട്രസ് ഓക്സൈഡാണ്.

തീരുമാനം കൂടുതൽ വിവാദമാകാതിരിക്കാൻ, 2019 ജനുവരി ഒന്നിനു ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രം നിരോധനം ബാധകമാക്കാനും ആലോചനയുണ്ട്. നിലവിൽ ഡീസൽ കാറുകളുള്ളവരെ തുടക്കത്തിൽ നഗരത്തിൽ പ്രവേശിക്കാൻ അനുവദിച്ചേക്കും. എന്നാൽ, ഘട്ടംഘട്ടമായി ഇവർക്കും നിരോധനം ബാധകമാക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ