ഫ്രഞ്ച് പാർലമെന്‍റിലെ യൂറോപ്യൻ യൂണിയൻ പതാകയെച്ചൊല്ലി തർക്കം
Friday, October 13, 2017 2:11 AM IST
പാരീസ്: ഫ്രഞ്ച് പാർലമെന്‍റിൽ സ്ഥാപിച്ചിരിക്കുന്ന യൂറോപ്യൻ യൂണിയൻ പതാക എടുത്തു മാറ്റണമെന്ന് ഒരു വിഭാഗം എംപിമാർ ആവശ്യപ്പെടുന്നു. അതേസമയം, യൂറോപ്യൻ ഐക്യത്തിന്‍റെ ശക്തനായ വക്താവായ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍, ഒരു കാരണവശാലും പതാക മാറ്റില്ലെന്ന ഉറച്ച നിലപാടിൽ.

തീവ്ര ഇടതുപക്ഷ പാർട്ടിയാണു പതാക മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഫ്രഞ്ച് പാർലമെന്‍റിന്‍റെ അധോസഭയായ നാഷണൽ അസംബ്ലിയിൽ ഫ്രഞ്ച് പതാകയ്ക്കൊപ്പം കഴിഞ്ഞ പത്തു വർഷമായി യൂറോപ്യൻ യൂണിയൻ പതാകയുമുള്ളതാണ്. എന്നാൽ, ഇതിനു പകരം ഐക്യരാഷ്ട്ര സഭയുടെ പതാക സ്ഥാപിക്കണമെന്നാണ് ഇടതുപക്ഷക്കാരുടെ ആവശ്യം.

യൂറോപ്യൻ ഐക്യത്തിന്‍റെ കാര്യത്തിൽ ഫ്രഞ്ച് പാർലമെന്‍റിന് അഭിപ്രായ സമന്വയമില്ലാത്ത സാഹചര്യത്തിൽ പതാക വയ്ക്കുന്നതു ശരിയല്ലെന്നാണ് പാർട്ടി നേതാവ് ഴാങ് ലൂക് മെലെങ്കോണ്‍ പറയുന്നത്. മാക്രോണിനെതിരേ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയായിരുന്ന മെലങ്കോണ്‍.

തീവ്ര വലതുപക്ഷ സംഘടനയായ നാഷണൽ ഫ്രന്‍റും ഈ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുന്നു. യൂറോപ്യൻ യൂണിയൻ പതാക മാറ്റാത്തതിന്‍റെ പേരിൽ ടിവി അഭിമുഖം പോലും നിഷേധിച്ചയാളാണ് നാഷണൽ ഫ്രന്‍റ് നേതാവും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായിരുന്ന മരിൻ ലെ പെൻ. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ ഫ്രഞ്ച് പതാക മാത്രം മതിയെന്നാണ് അവർ പറയുന്നത്.

എന്നാൽ, രാജ്യത്തെ മുഖ്യധാരാ പാർട്ടികളെല്ലാം യൂറോപ്യൻ യൂണിയൻ സംവിധാനത്തിന് അനുകൂലമാണ്. പതാക മാറ്റരുതെന്നാണ് ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ