വിദേശ വാഹനങ്ങൾക്ക് ടോൾ: ജർമനിക്കെതിരേ ഓസ്ട്രിയ കോടതിയിൽ
Saturday, October 14, 2017 2:41 AM IST
ബർലിൻ: ജർമനിയിലെ ദേശീയ പാതകളിൽ വിദേശ വാഹനങ്ങൾ ഓടിക്കുന്നതിന് ടോൾ ചുമത്തിയതിനെതിരേ ഓസ്ട്രിയ കോടതിയെ സമീപിച്ചു. 2019ൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തീരുമാനം യൂറോപ്യൻ യൂണിയനിലെ തുല്യതയുടെ അവകാശം ലംഘിക്കുന്നതാണെന്നാണ് ഓസ്ട്രിയ അടക്കം പല രാജ്യങ്ങളും വാദിക്കുന്നത്.

എന്നാൽ, വിദേശികൾക്കു മാത്രമായല്ല, ജർമനിക്കാർക്കും ടോൾ ബാധകമാണെന്നാണ് ജർമൻ സർക്കാരിന്‍റെ നിലപാട്. അതേസമയം, ജർമനിക്കാരിൽ നിന്ന് ഈടാക്കുന്ന ടോൾ റോഡ് ടാക്സിൽനിന്ന് കുറവു ചെയ്തു കൊടുക്കുകയാണ്. തുല്യതാ അവകാശം ലംഘിക്കപ്പെടാതിരിക്കാൻ ജർമനി സ്വീകരിച്ച കുറുക്കു വഴിയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ഓസ്ട്രിയയുടെ വാദം കോടതിയിൽ നിലനിൽക്കുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. 1.8 മില്യൻ ഓസ്ട്രിയക്കാരെ ബാധിക്കുന്നതാണ് ജർമൻ സർക്കാരിന്‍റെ തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ