കാറ്റലോണിയൻ സ്വാതന്ത്ര്യത്തിനെതിരേ യൂറോപ്യൻ യൂണിയൻ
Saturday, October 14, 2017 9:14 AM IST
ബ്രസൽസ്: കാറ്റലോണിയ സ്പെയ്നിൽനിന്നു സ്വതന്ത്രമാകുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ക്ലോദ് ജുങ്കർ. കാറ്റലോണിയയ്ക്കു സ്വാതന്ത്ര്യം നൽകിയാൽ മറ്റു പല പ്രദേശങ്ങളും പല രാജ്യങ്ങളിൽനിന്നു വിട്ടു പോകാൻ അവകാശമുന്നയിക്കാൻ സാധ്യതയുള്ളതായി ജുങ്കറുടെ മുന്നറിയിപ്പ്.

ഇത്തരം പ്രവണതകൾ യൂറോപ്യൻ യൂണിയന്‍റെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും ലക്സംബർഗിൽ വിദ്യാർഥികളുമായി നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്പാനിഷ് ജനാധിപത്യം കഴിഞ്ഞ നാല്പതു വർഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നാണ് പ്രധാനമന്ത്രി മരിയാനോ രജോയ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തെ നേരിട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആവശ്യമായതു ചെയ്യണമെന്ന് രജോയിയോട് ജുങ്കർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ