ദാഹാർത്തരായി തിരുവചനം സ്വീകരിക്കുന്നവർ അടയാളങ്ങളും അദ്ഭുതങ്ങളും കാണും: ഫാ.ജോസ് അന്ത്യാംകുളം
Saturday, October 21, 2017 5:22 AM IST
ലണ്ടൻ: ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവർ അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ദർശിക്കുമെന്നും ഭൗതിക നേട്ടങ്ങളിൽ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവർ വിനാശത്തിലേ നിപതിക്കൂ”എന്നും ബ്രെൻഡ്വുഡ് ചാപ്ലിനും അഭിഷേകാഗ്നി ലണ്ടൻ റീജണൽ കോഓർഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. “ലണ്ടൻ റീജണൽ അഭിഷേകാഗ്നി കണ്‍വൻഷന്‍റെ മുന്നോടിയായി അപ്ടണ്‍പാർക്കിൽ നടന്ന ഒരുക്ക ധ്യാനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

അനശ്വര സന്തോഷം അനുഭവിക്കുവാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്നും അനുഗ്രഹങ്ങളിൽ കൃതജ്ഞത അർപ്പിക്കുന്ന ശുശ്രൂഷകൾ മഹത്തരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൻ പങ്കാളിത്തം കൊണ്ടും പ്രാർഥനാ കൂട്ടായ്മയുടെ ചൈതന്യം കൊണ്ടും ഒരുക്ക ധ്യാനം ശ്രദ്ധേയമായി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ട് ജപമാല സമർപ്പണത്തോടെ ആരംഭിച്ച ഒരുക്ക ധ്യാനത്തിൽ വിശുദ്ധ കുർബാനയും മാതാവിന്‍റെ നൊവേനയും നടന്നു.

ലണ്ടൻ കണ്‍വൻഷന്‍റെ ക്രമീകരണങ്ങളും വോളന്‍റിയേഴ്സിന്‍റെ ചുമതലകളെപ്പറ്റിയും അഭിഷേകാഗ്നി കണ്‍വൻഷന്‍റെ സഹകാരി തോമസ് വിശദീകരിച്ചു.

മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ നിന്നും ധ്യാന വേദിയിലേക്കും തിരിച്ചും സൗജന്യമായി ട്രാൻസ്പോർട്ട് ഒരുക്കുന്ന വോളണ്ടിയർ അനിൽ എൻഫീൽഡ്, റിഫ്രഷ്മെന്‍റ് ചുമതലയുള്ള ഷാജി എന്നിവർ അവരുടെ കർത്തവ്യങ്ങളും ഒരുക്കങ്ങളും വിശദീകരിച്ചു. ധ്യാനത്തിന് ട്രെയിനിൽ എത്തുന്ന യാത്രക്കാർക്ക് സൗകര്യം ഒരുക്കുവാൻ സഹായം ചെയ്യുവാൻ സന്നദ്ധരായവർ അനിലിനെ 07723744639 എന്ന നന്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ