ആഭ്യന്തര വകുപ്പ് കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല: ഓസ്ട്രിയൻ വലതുപക്ഷം
Saturday, October 21, 2017 8:49 AM IST
ബെർലിൻ: ആഭ്യന്തര വകുപ്പ് തങ്ങൾക്കു നൽകിയില്ലെങ്കിൽ മുന്നണി സർക്കാരിൽ ചേരില്ലെന്ന് ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാർട്ടി. സെബാസ്റ്റ്യൻ കുർസിന്‍റെ പീപ്പിൾസ് പാർട്ടിയാണ് പാർലമെന്‍റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, 31.5 ശതമാനം വോട്ട് മാത്രമുള്ള അവർക്ക് സർക്കാർ രൂപീകരിക്കാൻ മറ്റു പാർട്ടികളുടെ പിന്തുണ ആവശ്യമാണ്. ഫ്രീഡം പാർട്ടി 26 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്താണ്.

26.9 ശതമാനവുമായി രണ്ടാം സ്ഥാനത്തുള്ള നിലവിലുള്ള ചാൻസലർ ക്രിസ്റ്റ്യൻ കേണിന്‍റെ സോഷ്യൽ ഡെമോക്രാറ്റുകൾ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭയുടെ ഭാഗമാകാൻ തങ്ങൾ നിരവധി ഉപാധികൾ മുന്നോട്ടു വച്ചിട്ടുള്ളതായി ഫ്രീഡം പാർട്ടി ചെയർമാൻ ഹെയ്ൻസ് ക്രിസ്റ്റ്യാൻ സ്ട്രാഷെ വ്യക്തമാക്കി. ഇതിൽ ആദ്യത്തേതാണ് ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യം.

ഒൗപചാരികമായ മുന്നണി ചർച്ചകൾ ശനിയാഴ്ച ആരംഭിക്കും. തിരക്കു പിടിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സ്ട്രാഷെ. എന്തു വിലകൊടുത്തും മുന്നണിയുടെ ഭാഗമാകുക എന്നത് പാർട്ടി നയമല്ലെന്നും അദ്ദേഹം പറയുന്നു.

ഇതിനിടെ, യൂറോപ്യൻ യൂണിയനിൽ ഓസ്ട്രിയ കൂടുതൽ സജീവമായ പങ്കാളിത്തം വഹിക്കുമെന്ന് നിയുക്ത ചാൻസലർ സെബാസ്റ്റ്യൻ കുർസ് വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ