ചെക്ക് റിപ്പബ്ലിക്കിനെ നയിക്കാൻ ശതകോടീശ്വരൻ
Monday, October 23, 2017 12:44 PM IST
പ്രാഗ്: തെരഞ്ഞെടുപ്പുകൾ എന്നും രാഷ്ട്രീയമണ്ഡലത്തിൽ പുതുമ നൽകുന്ന വിഷയങ്ങളാണ്. പ്രത്യേകിച്ച് നിലവിലെ ഭരണത്തിനു തിരിച്ചടി നൽകിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്‍റെ മുന്നേറ്റവും വിജയവും വോട്ടർമാർക്കിടയിൽ ചൂടുപിടിച്ച ചർച്ചകളും വിവാദങ്ങളുമായി കത്തി നിൽക്കുന്പോൾ സാധാരണക്കാരായ പൗര·ാരുടെ സമാധാന ആശങ്കകൾക്ക് ഭംഗം വരുമോ എന്നുള്ള ചിന്ത മറ്റു അയൽരാജ്യങ്ങളെയും ആകർഷിക്കാറുണ്ട്. അതുതന്നെയാണ് കഴിഞ്ഞ വാരാന്ത്യത്തിൽ ചെക്ക് റിപ്പബ്ളിക്കിൽ നടന്ന പാർലമെന്‍റ് പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലം വെളിവാക്കുന്നത്. യൂറോപ്യൻ യൂണിയൻ വിരുദ്ധതയും അഭയാർഥി കുടിയേറ്റ നിഷേധവും ആന്‍റി ഇസ്ലാം പായ്ക്കറ്റും വോട്ടായി മാറി. തീവ്രവലതുപക്ഷം അല്ലെങ്കിലും വലതു പക്ഷത്തിന്‍റെ ചൂടും ചൂരും പേറി എഎൻഒ (ആന്‍റി കറപ്ഷൻ ആൻഡ് ആന്‍റി യൂറോ) പാർട്ടിയധ്യക്ഷൻ അൻന്ദ്രെ ബാബിസ് (63) ഭരണത്തിലേറുമെന്നുറപ്പായി. ചെക്ക് റിപ്പബ്ളിക്കിന്‍റെ അഭിനവ ട്രംപ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാബിസ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമ്രാജ്യത്തിന്‍റെ ഉടമയും രാജ്യത്തെ രണ്ടാമത്തെ കോടീശ്വരനുമാണ്.

ഒൻപതു പാർട്ടികൾ മൽസരിച്ച പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ശതകോടീശ്വരനായ ബിസിനസുകാരൻ അൻന്ദ്രെ ബാബിസ് വലിയ വിജയം തന്നെ കൈവരിച്ചു. 29.7% വോട്ടാണ് അദ്ദേഹത്തിന്‍റെ എഎൻഒ പാർട്ടി നേടിയത്. 200 അംഗ പാർലമെന്‍റിൽ 78 സീറ്റു നേടി വലിയ ഒറ്റക്കക്ഷിയായി. ആന്‍റി യൂറോ വലതുപക്ഷ പാർട്ടിയായ ഒഡിഎസ് 11.3 ശതമാനം വോട്ടോടെ 25 അംഗങ്ങളെ പാർലമെന്‍റിൽ എത്തിക്കാനായി. അതുകൊണ്ടുതന്നെ പാർലമെന്‍റിലെ അധോസഭയിൽ ഇരുകക്ഷികളും കൂടി ഭൂരിപക്ഷമുണ്ടാക്കി ഭരണം കൈയ്യാളാനുള്ള ശ്രമത്തിലാണ്. ഭരണഘടനയനുസരിച്ച് ഏറ്റവും കൂടുതൽ സീറ്റു നേടുന്ന പാർട്ടിയുടെ നേതാവിനെയാണ് പ്രസിഡന്‍റ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നത്. താൻ യൂറോപ്പിന് അനുകൂലമെന്നും ജനാധിപത്യ വിരുദ്ധനല്ലെന്നും തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നുള്ള പത്രസമ്മേളനത്തിൽ വ്യക്തമാക്കിയെങ്കിലും പലവിധ തടയിണകൾ പുതിയ സർക്കാർ നടപ്പിലാക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അതു ചിലപ്പോൾ യൂറോപ്യൻ യൂണിയനുതന്നെ ഭീഷണിയായേക്കും. എന്നാൽ ബാബിസ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ സുഹൃത്തല്ലതാനും.

ഒരു ബിസിനസുകാരന്‍റെ മോഹിപ്പിക്കുന്ന വാഗ്ദാനം നടത്തിയാണ് ബാബിസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൈക്കൂലി അവസാനിപ്പിക്കും, സന്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയർത്തും എന്നൊക്കെ തെരഞ്ഞെടുപ്പു വിഷയങ്ങളാക്കി ഉയർത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സാന്പത്തിക സ്ഥിതി വളരെയാണ്. വിശാലമായ അഗ്രോകെമിക്കൽ സാമ്രാജ്യം, രാജ്യത്തിന്‍റെ രണ്ടു പ്രധാന ദിനപത്രങ്ങൾ, ഒരു റേഡിയോ സ്റ്റേഷൻ എന്നിവയെല്ലാം സ്ളോവാക്കിയൻ അടിവേരുള്ള ബാബിസിന് സ്വന്തമാണ്. ഈ വർഷം ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 4.1 ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി.

പ്രധാനമന്ത്രി ബൊഹുസ്ലവ് സബോട്കയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾ 7.2% ആണ് വോട്ട് നേടിയത്. 1993 കാലം മുതലുള്ള അവരുടെ ഏറ്റവും മോശം ഫലമാണ് ഇത്തവണയുണ്ടായത്. കാരണം ഭരണത്തിലെ അരാജകത്വം തന്നെ.

ചെക്ക് രാജ്യത്ത് സാന്പത്തികമായി ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടായെങ്കിലും സമതുലിതമല്ലാത്ത ബജറ്റും കഴിഞ്ഞ നാലു വർഷത്തിനിടെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും അനുഭവപ്പെട്ടത് രാജ്യത്തിനു വലിയ തിരിച്ചടിയായി. ഒരു മുന്നണിയായി സർക്കാർ നയിച്ച സോഷ്യൽ ഡെമോക്രാറ്റുകൾക്കാവട്ടെ ജനത്തിന്‍റെ ഇച്ഛയ്ക്കനുസരിച്ച് ഭരണം മുതലാക്കാൻ കഴിഞ്ഞില്ല. 1999 ൽ നാറ്റോയിലും 2004 ൽ യൂറോപ്യൻ യൂണിയനിലും ചെക്കുകാർ അംഗമായി. എന്നാലിതുവരെയായി യൂറോ നാണയമായി രാജ്യക്കാർ സ്വീകരിച്ചിട്ടില്ല. ചെക്ക് കോറുണയാണ് രാജ്യത്തിന്‍റെ നാണയം. 2016 ലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 10,6 മില്യണ്‍ ആണ്.പാർലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റിൽ 81 അംഗങ്ങളാണുള്ളത്. സെനറ്റിന്‍റെ കാലാവധി ആറു വർഷമാണ്. എന്നാൽ ഓരോ രണ്ടു വർഷത്തിലൊരിയ്ക്കലും ഇതിലെ മൂന്നിലൊന്ന് അംഗങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. രണ്ടു റൗണ്ടുള്ള തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ മുന്നിൽ വരുന്നയാളാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അല്ലെങ്കിൽ 50 ശതമാനം വോട്ടെങ്കിലും നേടുന്നവർ സെനറ്റിൽ അംഗമാവും. ഒരു പ്രസിഡന്‍റും നാലു വൈസ് പ്രസിഡന്‍റുമാണ് സെനറ്റിന്‍റെ ഭാഗമായിട്ടുള്ളത്. സെനറ്റിന് പാർലമെന്‍റിന്‍റെ അധികാരങ്ങളിൽ കൈ കടത്താനാവില്ലതാനും.

രാജ്യത്തേയ്ക്കുള്ള അഭയാർഥികളുടെ ഒഴുക്ക് പ്രതിഷേധിച്ചാണ് ഇപ്പോൾ യൂറോപ്പിൽ വീശുന്ന രാഷ്ട്രീയകാറ്റിന്‍റെ മാറ്റം. രണ്ട് മുഖ്യധാരാ കേന്ദ്രങ്ങളായി വലതു പാർട്ടികളും ഇടത് പാർട്ടികളും തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചു ഭരിച്ചതിന്‍റെ അര നൂറ്റാണ്ടിനിടയിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിലവിൽ തീവ്രവലതുപക്ഷം ഏറെ ശക്തമായി അധികാരത്തിന്‍റെ ഇരിപ്പിടങ്ങളിൽ ഏറുന്നത്. കഴിഞ്ഞയാഴ്ചയിൽ ഇതേ അനുഭവം തന്നെ ഓസ്ട്രിയൻ തെരഞ്ഞെടുപ്പിലും. സെപ്റ്റംബർ 24 ന് ജർമനിയിൽ നടന്ന തെരഞ്ഞെടുപ്പിലും പ്രകടമായി. അതേ പാതയാണ് ഇപ്പോൾ ചെക്കിലും ഉണ്ടായിരിക്കുന്നത്. ജർമനിയിൽ മെർക്കൽ പാർട്ടിക്ക് വോട്ടുകുറഞ്ഞെങ്കിലും അധികാരം നഷ്ടമായില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ