ബംഗളൂരു: ആറാമത് ബാംഗളൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഈമാസം 28, 29 തീയതികളിൽ നടക്കും. പുതിയ കാലത്തെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളെ വിശകലനം ചെയ്യുന്ന ഫെസ്റ്റിവലിൽ വിവിധ മേഖലകളിൽ നിന്നായി 130 പേർ വിവിധ സന്ദർഭങ്ങളിലായി സംസാരിക്കും.
ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്, മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്, പ്രേംപണിക്കർ, എൻ.എസ്. മാധവൻ, പ്രശാന്ത് ഝാ, ട്വിങ്കിൾ ഖന്ന, പെരുമാൾ മുരുകൻ, ഗിരീഷ് കർണാട്, സോനാൽ മാൻസിംഗ്, ക്രിക്കറ്റർമാരായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, ഓസ്ട്രേലിയൻ കായിക എഴുത്തുകാരൻ ഗിഡിയൻ ഹെയ്ഗ്, ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഇമ്രാൻ കൂവാഡിയ, ശ്രീലങ്കയിൽ നിന്നുള്ള ടിബറ്റൻ- ഇംഗ്ലീഷ് സാഹിത്യകാരൻ ചിഹ്മി ടെൻഡുഫ്ല, ബ്രിട്ടീഷ് പത്രപ്രവർത്തകൻ അഡ്രിയാൻ ലെവി തുടങ്ങിയവർ പങ്കെടുക്കും. കുട്ടികൾക്കായി ശില്പശാല, കഥപറച്ചിൽ തുടങ്ങിയവ ഉൾപ്പെടുത്തി പ്രത്യേക സെഷനും ഒരുക്കുന്നുണ്ട്.