യുകെയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ അന്ത്യശാസനം
ലണ്ടൻ: ബ്രെക്സിറ്റിലെ നിർണായകമായ വിഷയങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ ചർച്ചാ സംഘത്തിനു നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയർ യുകെയ്ക്ക് അന്ത്യശാസനം നൽകി.

പൗരൻമാരുടെ അവകാശം, അയർലൻഡുമായുള്ള അതിർത്തി, യുകെയുടെ ഡിവോഴ്സ് ബിൽ എന്നിവരുടെ കാര്യത്തിലാണ് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയങ്ങളിൽ തട്ടി ബ്രെക്സിറ്റ് ചർച്ച വഴിമുട്ടിയ അവസ്ഥയിലാണ്. വ്യാപാര കരാർ ചർച്ച ചെയ്യണമെന്ന് യുകെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ തീരുമാനമാകാതെ അതിലേക്കു കടക്കാൻ കഴിയില്ലെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരിക്കുന്നത്.

ഇരുപക്ഷവും ഒരുമിച്ച് പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് ആവശ്യമെന്ന് യുകെയുടെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്. ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനുള്ള സമയവും തീയതിയും പാർലമെന്‍റിൽ ബില്ലായി അവതരിപ്പിക്കാമെന്ന് പ്രധാനമന്ത്രി തെരേസ മ്േ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിസംബറിൽ നടക്കുന്ന യൂറോപ്യൻ കൗണ്‍സിൽ യോഗത്തോടെ വ്യാപാര കരാർ ചർച്ച ആരംഭിക്കണമെന്നാണ് ഇരുപക്ഷവും താത്പര്യപ്പെടുന്നത്. എന്നാൽ, അതിനു മുൻപ് നിർണായക വിഷയങ്ങളിൽ പുരോഗതി ആവശ്യമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ