ഇസ്രയേൽ പൗരനെ വിലക്കാൻ കുവൈത്ത് എയർവേസിന് അധികാരമുണ്ട്: ജർമൻ കോടതി
Saturday, November 18, 2017 10:59 AM IST
ബെർലിൻ: ഇസ്രയേൽ പൗരന് യാത്രാനുമതി നിഷേധിച്ച കുവൈത്ത് എയർവേസ് അധികൃതരുടെ നടപടിക്കെതിരേ നൽകിയ ഹർജി ജർമൻ കോടതി തള്ളി. യാത്രാനുമതി നിഷേധിക്കുന്നത് എയർവേസിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്ന കോടതി നിരീക്ഷണം ജൂത സമൂഹത്തെ പ്രകോപിപ്പിക്കുന്നു.

ഫ്രാങ്ക്ഫർട്ടിൽനിന്നും ബാങ്കോക്കിലേക്കുള്ള ഇസ്രയേൽ പൗരന്‍റെ ടിക്കറ്റ് കുവൈത്ത് എയർവേസ് റദ്ദാക്കുകയായിരുന്നു. കുവൈത്തിലെ നിയമം അനുസരിച്ച് ഇസ്രയേൽ എന്നൊരു രാജ്യത്തെ അംഗീകരിച്ചിട്ടില്ല. ഇതാണ് ടിക്കറ്റ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചത്.

കുവൈത്തിലെ നിയമം അനുസരിച്ച് കുവൈത്ത് എയർലൈൻസിനു പ്രവർത്തിക്കാമെന്നാണ് കോടതി വിധി അർഥമാക്കുന്നതെന്നും എന്നാൽ, ജർമനിയിൽ ജർമൻ നിയമത്തിനാണ് പ്രാബല്യമെന്നും ജർമനി ഇസ്രയേലിനെ അംഗീകരിച്ചിട്ടുണ്ടെന്നും യാത്രക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. വിധിക്കെതിരേ അപ്പീൽ നൽകാനാണ് തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ