മെർക്കലിനു മുന്നിൽ ഇനിയെന്ത് ?
Wednesday, November 22, 2017 1:27 PM IST
ബെർലിൻ: കൂട്ടുമുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ച പരാജയപ്പെട്ടെങ്കിലും പുതിയ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ചാൻസലർ ആംഗല മെർക്കലിനു മുന്നിൽ ഇനിയും വഴികൾ ശേഷിക്കുന്നു. അൽപ്പം സമയം കാത്തിരുന്ന ശേഷം ഇതേ പാർട്ടികളുമായി ഒരു വട്ടം കൂടി ചർച്ച നടത്തുക തന്നെയാണ് അതിൽ ആദ്യത്തെ വഴി.

അതിലും പരാജയപ്പെട്ടാൽ നിലവിലുള്ള സർക്കാരിലെ സഖ്യകക്ഷികളായ എസ്പിഡിയെ ഒരിക്കൽക്കൂടി സമീപിക്കാം. അവർ പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പുതിയ സാഹചര്യത്തിൽ രാജ്യ താത്പര്യം മുൻനിർത്തി സർക്കാരിനു പിന്തുണ നൽകാൻ അവർക്കു മേലും സമ്മർദം ശക്തമാണ്.

ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്ന സാഹസമാണ് അടുത്തത്. ഇപ്പോൾ നടന്ന സഖ്യ ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണം ഗ്രീൻ പാർട്ടിയും എഫ്ഡിപിയും സ്വീകരിച്ച പരസ്പര വിരുദ്ധമായ നിലപാടുകളായിരുന്നു. എഫ്ഡിപിയുമായി മാത്രമായിരുന്നു ചർച്ചയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മെർക്കലിനു സർക്കാർ രൂപീകരിക്കാൻ കഴിയുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഗ്രീൻ പാർട്ടിയുമായി മാത്രമാണെങ്കിലും സിഡിയുവിന് ഒത്തുപോകാൻ ബുദ്ധിമുട്ടു വരില്ല. എന്നാൽ, ഈ രണ്ടു പാർട്ടികൾക്കും സിഡിയു സർക്കാരിനെ ഒറ്റയ്ക്കു പിന്താങ്ങാനുള്ള കരുത്ത് പാർലമെന്‍റിൽ ഇല്ല. ഇവരിൽ ഒരു കൂട്ടരെ കൂടെ കൂട്ടി ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ മെർക്കലിനു സാങ്കേതികമായി സാധിക്കും. പക്ഷേ, പാർലമെന്‍റിൽ ഓരോ ബില്ലും പാസാക്കാൻ മറ്റു പാർട്ടികളുടെ പിന്തുണ ആവശ്യം വരുമെന്നു മാത്രം.

ഇത്തരം സാഹചര്യങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക എന്ന സാധ്യതയാണ് സജീവമായി നിൽക്കുന്നത്. ഇക്കാര്യത്തിൽ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറുടേതായിരിക്കും അന്തിമ തീരുമാനം. പാർലമെന്‍റ് പിരിച്ചുവിടേണ്ടതും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതും പ്രസിഡന്‍റാണ്. അതിനു മുൻപ് ഭരണഘടനാപരമായ നിരവധി കടന്പകൾ കടക്കണം. അതിനു വളരെ സമയമെടുക്കുകയും ചെയ്യും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ