യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർക്കശമാകുന്നു
Thursday, November 23, 2017 1:52 PM IST
ബ്രസൽസ്: യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അടുത്ത വർഷം ആദ്യം മുതൽ കൂടുതൽ കർക്കശമാകും. ഫ്രൈസ്, ചിപ്സ്, ബിസ്കറ്റ്സ് തുടങ്ങിയവയുടെ ഉത്പാദനത്തിൽ കടുത്ത മാർഗനിർദേശങ്ങളാണ് നൽകുന്നത്.

യൂറോപ്യൻ യൂണിയനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യോത്പാദകർക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. അക്രിലാമൈഡ് എന്ന രാസവസ്തുവിന്‍റെ ഉപയോഗം റോസ്റ്റ് ചെയ്തതും ബേക്ക് ചെയ്തതും ഫ്രൈ ചെയ്തതുമായ ഭക്ഷണ പദാർഥങ്ങളിൽ പരമാവധി കുറയ്ക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

അക്രിലാമൈഡ് പ്രത്യേകമായി ഭക്ഷണത്തിൽ ചേർക്കുന്നതല്ല. ചില രീതികളിലുള്ള പാചകം കാരണം സ്വയം ഉത്പാദിപിക്കപ്പെടുന്നതാണ്. കാൻസർ സാധ്യത വർധിക്കാൻ ഇതു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു.

അതുപോലെ തന്നെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ഭക്ഷണപദാർഥങ്ങൾ യൂറോപ്യൻ യൂണിയൻ കർശന നിയന്ത്രണത്തിന്‍റെ പരിധിയിൽതന്നെയാണ്. മുന്പ് പല സാധനങ്ങളും നിരോധിക്കുകയും പിന്നീട് നിയന്ത്രണം എടുത്തു കളയുകയും ചെയ്തിട്ടുള്ള സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് നിലവിലെ പരിശോധനകൾ വളരെ കർക്കശമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ