സിഡിയു - എസ്പിഡി സഖ്യ സാധ്യത വീണ്ടും സജീവം
Friday, November 24, 2017 11:57 AM IST
ബെർലിൻ: ആധുനിക ജർമനിയിൽ എന്നും പരസ്പരവിരുദ്ധമായ രാഷ്ട്രീയ പക്ഷങ്ങളിൽ നിലകൊണ്ട പാർട്ടികളാണ് സിഡിയുവും എസ്പിഡിയും. എന്നിട്ടും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കാര്യമായ ഏറ്റുമുട്ടലുകളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലാതെ കാലാവധി പൂർത്തിയാക്കി. രാജ്യത്ത് ഏറ്റവും വലിയ തർക്ക വിഷയമായിരുന്ന അഭയാർഥി പ്രശ്നത്തിൽ പോലും ഇരു പാർട്ടികളും സ്വീകരിച്ചത് സമാന നിലപാടുകളായിരുന്നു.

ഇപ്പോഴത്തെ തൂക്കു പാർലമെന്‍റിൽനിന്നു സർക്കാർ രൂപീകരിക്കുക എന്ന പ്രയത്നത്തിൽ ചാൻസലർ ആംഗല മെർക്കൽ പരാജയപ്പെടാൻ കാരണം നിർണായക വിഷയങ്ങളിൽ സിഡിയു, എഫ്ഡിപി, ഗ്രീൻ പാർട്ടി എന്നിവർ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. ഈ വിഷയങ്ങളിൽ ഏറെയും എസ്പിഡിയും സിഡിയും സമാന നിലപാടുകൾ സ്വീകരിച്ചിട്ടുള്ളതാണ് എന്നതാണ് സഖ്യ സാധ്യത ഒരിക്കൽക്കൂടി സജീവമാക്കുന്നത്.

ആദായ നികുതി കുറയ്ക്കുക, സോളി ഘട്ടം ഘട്ടമായി ഒഴിവാക്കുക, സ്കൂളുകളിൽ മുഴുവൻ സമയം കുട്ടികളെ നോക്കാൻ സൗകര്യം നൽകുക, കുട്ടികൾക്കായി കൂടുതൽ പണം നീക്കിവയ്ക്കുക, ഹോം ബിൽഡർമാരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇരു പാർട്ടികൾക്കുമുള്ളത് സമാന നിലപാടുകളാണ്.

ഈ സാഹചര്യത്തിൽ എസ്പിഡിയുമായി സഖ്യം തുടരുന്നതു തന്നെയാവും ജർമനിയുടെ ഭരണ സ്ഥിരതയ്ക്കു നല്ലതെന്ന കാഴ്ചപ്പാട് ശക്തമാണ്. ഈ വഴിക്ക് എസ്പിഡി ചിന്തിക്കണമെന്ന് പാർട്ടി പ്രതിനിധിയും കഴിഞ്ഞ മന്ത്രിസഭയിൽ പാർട്ടിയുടെ മന്ത്രിയുമായിരുന്ന ഇപ്പോഴത്തെ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ നേരിട്ട് ആവശ്യപ്പെടുകയും ചെയ്യുന്നു.

ജനവിധി എതിരായതിനാൽ പ്രതിപക്ഷത്തിരിക്കുമെന്ന നിലപാട് തിരുത്താൻ എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസിനുമേൽ സമ്മർദം ശക്തവുമാണ്. ഭരണ പ്രതിസന്ധി പരിഹരിക്കാതെ തെരഞ്ഞെടുപ്പിലേക്കാണു രാജ്യം നീങ്ങുന്നതെങ്കിൽ മാസങ്ങൾ നീളുന്ന അസ്ഥിരതയ്ക്ക് അതു കാരണമാകുമെന്നതും പ്രധാനമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ