മലയാളി യുവാവ് ബെർലിനിൽ അപകടത്തിൽ മരിച്ചു
Saturday, December 2, 2017 4:02 PM IST
ബെർലിൻ: മലയാളി യുവാവ് ബെർലിനിൽ വാഹനാപകടത്തിൽ മരിച്ചു. ബെർലിനിൽ താമസിക്കുന്ന മല്ലപ്പള്ളി സ്വദേശിയായ വട്ടശേരിലായ പൊയ്ക്കുടിയിൽ ജോസഫിന്‍റെയും (കുഞ്ഞുമോനച്ചൻ) ആനിയുടെയും മകൻ ജിനു (39) ബെർലിനിൽ സബ്വേ (യു ബാൻ) യിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. അപകട കാരണം വ്യക്തമല്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനാണ് ജിനു വിവാഹിതനായത്. വിയന്നയിലുള്ള ഭാര്യയുടെ അടുത്തേയ്ക്കു പോകുവാനുള്ള തായാറെടുപ്പിനിടെയാണ് ജിനുവിനെ മരണം കവർന്നത്. വിയന്നയിൽ താമസിക്കുന്ന കന്യാക്കോണിൽ മാത്യുവിന്‍റെയും മരിയയുടെയും മകൾ മിനിതയാണ് ഭാര്യ.

കംപ്യൂട്ടർ വിദഗ്ധനായ ജിനുവിന് ഒരു സഹോദരിയുണ്ട്.

മുന്പ് ബോണിലെ എംബസിയിൽ ജോലിക്കാരനായിരുന്ന ജോസഫ് പിന്നീട് ബെർലിനിലേയ്ക്ക് സ്ഥലം മാറിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ