ജർമൻ ക്രിസ്മസ് മാർക്കറ്റിൽ സ്ഫോടകവസ്തു പിടികൂടി
Saturday, December 2, 2017 4:07 PM IST
ബെർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽനിന്ന് പോലീസ് സ്ഫോടക വസ്തു പിടികൂടി. യഥാസമയം നിർവീര്യമാക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ആധുനിക രീതിയിലുള്ള സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പദ്ധതിയാണ് തകർത്തതെന്ന് പോലീസ് വക്താവ് പറഞ്ഞു. പിന്നീട് ഇതു നിർവീര്യമാക്കി.

സ്ഫോടകവസ്തു ഉള്ളതായി സംശയം ഉയർന്നതിനെതുടർന്ന് മാർക്കറ്റ് ഒഴിപ്പിച്ചു. ഒരു ഫാർമസിക്കു മുന്നിൽ നിന്നു കിട്ടിയ പായ്ക്കറ്റിലായിരുന്നു സ്ഫോടക വസ്തു കണ്ടെടുത്തത്. ഈ കടയിലെ ഫാർമസിസ്റ്റാണ് വിവരം പോലീസിനെ അറിയിച്ചത്.

കഴിഞ്ഞ വർഷം ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേയ്ക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തിൽ 19 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ