ജർമനിയിൽ കനത്ത മഞ്ഞുവീഴ്ചയിൽ അപകടങ്ങളുടെ പരന്പര
Monday, December 4, 2017 3:39 PM IST
ബെർലിൻ: വാര്യാന്ത്യത്തിൽ ജർമനിയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെയുള്ള കാലാവസ്ഥാപ്രവചനം ശരി വയ്ക്കുന്ന രീതിയിലാണ് മഞ്ഞുവീഴ്ചയുണ്ടയത്. എന്നാൽ ഹൈവേകളിലെ അപകടങ്ങൾ മിക്കപ്പോഴും കണക്കുകൂട്ടലുകളെ മറികടക്കും എന്നുള്ളതാണ് വസ്തുത.

മഞ്ഞുവീഴ്ചയെ തുടർന്നുള്ള മഴയാണ് അപകടങ്ങളുടെ ഉറവിടം. മഴയ്ക്കുശേഷം മഞ്ഞുരുകി പാളിപോലെയായി (ഗ്ളാറ്റ് ഐസ്) ഹൈവേകളിൽ ഉറച്ചിരിക്കുന്നത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടത്തിലേയ്ക്കു നയിക്കുകയുമാണ്. മാത്രവുമല്ല വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറുകയും ചെയ്യുന്നത് അപകടത്തിനു വഴിയൊരുക്കുന്നു.

റൈൻലാന്‍റ് ഫാൽസ് സംസ്ഥാനത്തുതന്നെ നൂറിലേറെ അപകടങ്ങളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം കുറവാണെങ്കിലും പലരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ ചികിൽസയിലാണ്.

നാനൂറിൽ അധികം അപകടങ്ങളാണ് ബവേറിയ സംസ്ഥാനത്തുണ്ടായത്. ഇവിടെ ഏഴും പതിനെട്ടും വയസ് പ്രായമുള്ളവരടക്കം നാലു പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ശൈത്യം തുടങ്ങുന്നതിനു മുന്പുതന്നെ വാഹന പരിശോധന കർശനമാക്കിയ ജർമനിയിൽ, റോഡ് അപകടങ്ങൾ മൂലം ഉണ്ടാകുന്ന മരണസംഖ്യ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

നിലവിൽ അന്തരീക്ഷ താപനില അഞ്ചിനും മൈനസ് ഏഴുമുതൽ 15 വരെയുമാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴേയ്ക്കു പോകുമെന്നും മുന്നറിയിപ്പുണ്ട്.

ക്രിസ്മസിന്‍റെ മുന്നോടിയായുള്ള ആഗമനകാലത്തിലെ ആദ്യത്തെ ഞായറാഴ്ച തന്നെ മഞ്ഞുമഴ പെയ്തത് ഇത്തവണത്തെ ക്രിസ്മസ് മഞ്ഞുപുതപ്പിക്കുമെന്നുള്ളതിന്‍റെ മുന്നറിയിപ്പായിട്ടാണ് പഴമക്കാർ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ