മഞ്ജുവാര്യർ ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഏഴിന്
ബ്രിസ്ബേൻ: മലയാളി അസോസിയേഷൻ ഓഫ് ക്യൂൻസ് ലാൻഡും മാജിക് മൂണ്‍ ഇവന്‍റ്സ് ഓസ്ട്രേലിയും സംയുക്തമായി നടത്തുന്ന "സ്നേഹപൂർവം’ എന്ന മെഗാഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഡിസംബർ ഏഴിന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴിന് ഇപ്സ് വിച്ച് റോഡിലുള്ള ഡിലൈറ്റ്സ് ഓഫ് പാരഡൈസ് റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ ബ്രിസ്ബേൻ സിറ്റി കൗണ്‍സിൽ മെംബർ ജോനാഥൻ മുഖ്യാതിഥിയായിരിക്കും.

ബ്രിസ്ബേനിലെ എഡ്മണ്ട് റൈസ് പെർഫോമിംഗ് ആർട്സ് സെന്‍ററിൽ 2018 മേയ് ആറിന് (ഞായർ) ആണ് പരിപാടി. മാജിക് മൂണ്‍ എന്‍റർടൈൻമെന്‍റും മലയാളം ഇവന്‍റ്സും ഒരുമിക്കുന്ന ആദ്യഷോ എന്ന പ്രത്യേകതയുമായി എത്തുന്ന സ്നേഹപൂർവം ഷോയ്ക്ക് പ്രേക്ഷകരിൽനിന്നും വൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായിക മഞ്ജുവാര്യർക്കൊപ്പം വയലിനിൽ മായാജാലം തീർക്കുന്ന ബാലഭാസ്കർ, തമിഴ് പിന്നണി ഗായകൻ നരേഷ് അയ്യർ, റിയാലിറ്റി ഷോയിലൂടെ പ്രശസ്തി പിടിച്ചുപറ്റിയ വൈഷ്ണവ് ഗിരീഷ്, ലക്ഷ്മി ജയൻ എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയ ഗായകരായ മധുബാല കൃഷ്ണനും മഞ്ജരിയും ബ്രിസ്ബേനിലെ പ്രേക്ഷകർക്ക് ഒരപൂർവ സംഗീത വിസ്മയം ഒരുക്കും

ഷോയുടെ ഓണ്‍ലൈൻ ടിക്കറ്റുകൾ ഡിസംബർ ഒന്പതിന് അർധരാത്രി മുതൽ www.magicmoon.com.au എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനത്തോടനുബന്ധിച് രാത്രി എട്ടു മുതൽ ഒന്പതു വരെ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ടോം ജോസഫ്