മിഡിൽ ഈസ്റ്റിലെ അമേരിക്കൻ എംബിസികളുടെ സുരക്ഷ ശക്തമാക്കി, സൈന്യത്തിന് ജാഗ്രതാ നിർദേശം
Thursday, December 7, 2017 1:25 PM IST
വാഷിംഗ്ടണ്‍ ഡിസി: ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് പ്രഖ്യാപനം പുറത്തുവന്ന ഉടനെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ എംബസികളുടെ സുരക്ഷ ശക്തമാക്കുന്നതിനും ഏതു സാഹചര്യത്തേയും നേരിടുന്നതിനും സൈന്യത്തിന് ജാഗ്രതാ നിർദ്ദേശവും നൽകി കഴിഞ്ഞതായി പെന്‍റഗണ്‍ അധികൃതർ സിബിഎൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റ് സെൻട്രൽ ഏഷ്യ സ്ഥലങ്ങളിലെ അമേരിക്കൻ സൈന്യത്തിന്‍റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിനാണ് സുരക്ഷാ ചുമതല. അമേരിക്കൻ എംബസികൾക്കുപുറമെ അമേരിക്കൻ പൗര·ാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആൻഡി ടെററിസം സെക്യൂരിറ്റി ടീം, യുഎസ് മറീൻ ഫോഴ്സ് എന്നിവർക്കും കർശന നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. യുഎസ് നാവിക ടാങ്കറുകൾ, ഷിപ്പുകൾ എന്നിവയിൽ ഇന്ധനം നിറച്ച് ഏതൊരു അടിയന്തര സാഹചര്യങ്ങളേയും നേരിടുന്നതിന് സൈന്യം സുസജ്ജമാണ്.

പ്രസിഡന്‍റ് ട്രംപിന്‍റെ ധീരമായ തീരുമാനത്തെ സുപ്രസിദ്ധ ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് ജോണ്‍ ഹാഗി ഉൾപ്പെടെയുള്ള നിരവധി ഇവാഞ്ചലിസ്റ്റുകൾ സ്വാഗതം ചെയ്തു. വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയുള്ള പ്രവചനങ്ങൾ നിറവേറുന്നതിന്‍റെ ഉദാത്തമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഇവർ ചൂണ്ടികാട്ടി. ഇസ്രയേലിന്‍റെ തലസ്ഥാനം ജറുസലേമാണെന്ന് പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യമാണ് അമേരിക്ക.

റിപ്പോർട്ട്: പി.പി. ചെറിയാൻ