ബാലൻ ഡി ഓർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
Friday, December 8, 2017 1:41 PM IST
പാരിസ്: ഈ വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം റയൽ മഡ്രിഡ് താരവും പോർച്ചുഗൽ സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കരസ്ഥമാക്കി. ബാഴ്സലോണയുടെ അർജന്‍റീനൻ സൂപ്പർ താരം ലയണൽ മെസിയെയും ബ്രസീലിയൻ സ്ട്രൈക്കർ സ്റ്റാർ നെയ്മറെയും പിന്തള്ളിയാണ് മുപ്പത്തിരണ്ടുകാരനായ റൊണാൾഡോ പുരസ്കാരം നേടിയത്. ഇത് അഞ്ചാം തവണയാണ് റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാരം നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടുന്ന താരമെന്ന പദവി മെസിക്കൊപ്പം സിആർ 7 പങ്കിട്ടു.

പാരീസിലെ ഈഫൽ ഗോപുരത്തിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ബ്രസീലിന്‍റെ മുൻ താരം റൊണാൾഡോ, ലൂയീസ് നസാറിയോ, മൈക്കൾ ഓവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2008, 2013, 2014, 2016 വർഷങ്ങളിലാണ് റൊണാൾഡോയ്ക്ക് പുരസ്കാരം ലഭിച്ചത്.

റൊണാൾഡോയ്ക്കും, മെസിക്കും പിന്നിലായി നെയ്മർ, ജിയാൻല്യൂജി ബഫണ്‍, ലൂക്ക മോഡ്രിച്ച് എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്. കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡിനെ ലാ ലിഗ, ചാന്പ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ചതാണ് റൊണാൾഡോയ്ക്ക് തുണയായത്. 2016 ലെ യൂറോ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ലോക ഫുട്ബോൾ സിരാകേന്ദ്രമായ ഫിഫയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നു ഫ്രാൻസ് ഫുട്ബോൾ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വർഷം മുതൽ ബാലൻ ഡി ഓർ പുരസ്കാരം നൽകുന്നത്.

2017 ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരവും പോർച്ചുഗൽ ക്യാപ്റ്റനായ റൊണാൾഡോ സ്വന്തം പട്ടികയിൽ എഴുതിച്ചേർത്തതു കൂടാതെ 2008, 2013, 2014, 2016 എന്നീ വർഷങ്ങളിൽ ഫിഫ പുരസ്കാരവും നേടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും സന്പന്നനായ കായികതാരം എന്ന ബഹുമതി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കൊല്ലവും നിലനിർത്തി. നടപ്പു വർഷം ഫോർബ്സ് പ്രസിദ്ധീകരിച്ച ഏറ്റവും കൂടുതൽ വരുമാനമുള്ള നൂറു കായിക താരങ്ങളുടെ പട്ടികയിൽ 71.8 മില്യണ്‍ പൗണ്ടണ് (83 മില്യണ്‍ യൂറോ) ക്രിസ്റ്റ്യാനോയുടെ വരുമാനം. വിരമിക്കുന്നതിനു മുന്പ് ഏഴു ബാലൻ ഡി ഓർ പുരസ്കാരം നേടണമെന്നാണ് ആഗ്രഹമെന്ന് റൊണാൾഡോ അടുത്തിടെ പറഞ്ഞിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ