നഴ്സുമാരുടെ ബോണ്ട് സന്പ്രദായം: പ്രവാസി ലീഗൽ സെൽ വീണ്ടും കോടതിയിലേക്ക്
Wednesday, December 20, 2017 11:34 AM IST
ന്യൂഡൽഹി: കോടതികളും സർക്കാരുകളും എത്ര കണിശമായ നടപടികൾ സ്വീകരിച്ചാലും നഴ്സുമാരെ ചൂഷണം ചെയ്യുന്നതിൽ നിന്നും തങ്ങൾ പി·ാറില്ല എന്ന നിലപാടിലാണ് തലസ്ഥാന നഗരിയിലെ പല സ്വകാര്യ ആശുപത്രികളും. ബോണ്ട് സന്പ്രദായം നിയമപരമല്ലെന്നും നഴ്സുമാരുടെ ഒറിജിനൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പിടിച്ചു വയ്ക്കുന്നത് ജോലി ചെയ്യുന്നതിനുള്ള അവരുടെ മൗലീകാവകാശത്തിന്‍റെ ലംഘനമാണെന്നുമുള്ള കോടതി വിധിയിലൂടെ ഇല്ലാതായി എന്നു കരുതിയിരുന്ന നഴ്സിംഗ് മേഖലയിലെ ബോണ്ട് സന്പ്രദായം പുതിയ രൂപത്തിൽ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഡൽഹിയിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ജോമോൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജോലിയിൽ പ്രവേശിക്കുന്പോൾ, രണ്ടു വർഷത്തേയ്ക്കുള്ള ബോണ്ട് പത്രവും ഒപ്പിട്ട ബ്ലാങ്ക് ചെക്കും ആലപ്പുഴ സ്വദേശിയായ ഇയാളുടെ പക്കൽ നിന്നും മാനേജ്മെന്‍റ് വാങ്ങിയിരുന്നു. കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലം രണ്ടു വർഷം തികയുന്നതിനു മുന്പേ ജോമോൻ ജോലിയിൽ നിന്നും പിരിഞ്ഞു. തുടർന്നു മാനേജ്മെന്‍റ് ചെക്ക് ബാങ്കിൽ നിക്ഷേപിക്കുകയും അത് മടങ്ങിയതിനെത്തുടർന്ന് നിയമനടപടികളുമായി കോടതിയെ സമീപിക്കുകയുമായിരുന്നു.

ഈ നടപടിയിലെ അനീതിയും നിയമലംഘനവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 2011ൽ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ പൊതുതാത്പര്യ ഹർജിയുടെ വെളിച്ചത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന നഴ്സിംഗ് ബോണ്ട് സംന്പ്രദായത്തെ കോടതികൾ നിശിതമായി വിമശിക്കുകയും ഇത്തരത്തിലുള്ള ചൂഷണങ്ങൾ രാജ്യത്ത് നടക്കുന്നില്ലെന്നുറപ്പു വരുത്തുവാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലും ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും ഉത്തരവുകൾ ഇറക്കുകയും നഴ്സുമാരുടെ പക്കൽ നിന്നും ഒറിജിനൽ രേഖകൾ പിടിച്ചു വയ്ക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ബോണ്ട് സന്പ്രദായം അവസാനിച്ചതോടെ നഴ്സിംഗ് മേഖലയിൽ വലിയ ഉണർവ് പ്രകടമായിരുന്നു. നഴ്സുമാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിയിൽ നിന്നും രാജി വയ്ക്കാം എന്ന അവസ്ഥ വന്നതോടെ പല ആശുപത്രികളിലും തൊഴിൽവേതന സാഹചര്യങ്ങളും മെച്ചപ്പെട്ടു.

എന്നാൽ, നഴ്സുമാരെ തുടർന്നും അടിമകളായി നിലനിർത്തി ചൂഷണം തുടരാനുള്ള പുതിയ മാർഗങ്ങൾ സ്വീകരിച്ചിരിക്കുകയാണ് ഡൽഹിയിലെ ചില സ്വകാര്യ ആശുപത്രികൾ എന്നാണ് പുതിയ സംഭവം മറനീക്കി പുറത്തുവന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി വിധികളുടേയും വിവിധ തൊഴിൽ നിയമങ്ങളുടേയും ഇത്തരത്തിലുള്ള ലംഘനത്തിലൂടെ ആയിരക്കണക്കിന് വ്യക്തികളുടെ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ധ്വംസനമാണ് നടക്കുന്നതെന്നും പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രസിഡന്‍റായ അഡ്വ. ജോസ് എബ്രഹാം മുഖേന സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഹർജി അടുത്ത വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്