ലോക കേരള സഭ: ഗ്രാന്മ സെക്രട്ടറി പ്രതിനിധി
Friday, December 22, 2017 1:00 PM IST
മെൽബണ്‍: ലോക കേരള സഭയിൽ ഓസ്ട്രേലിയെ പ്രതിനിധീകരിച്ചു പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ സെക്രട്ടറി വി.എസ്. അമേഷ്കുമാറിനെ തെരഞ്ഞെടുത്തു.

2018 ജനുവരി 12,13 തീയതികളിലാണ് സഭ സമ്മേളിക്കുന്നത്. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവർത്തിക്കുകയുമാണ് ലോക കേരള സഭ ലക്ഷ്യം വയ്ക്കുന്നത്. ലോക കേരളത്തിന്‍റെ താത്പര്യ വൃത്തത്തിൽ വരുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതു സമ്മതമായ തീരുമാനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അനുഭാവ പൂർവമായ നടപടികൾ ശിപാർശ ചെയ്യുന്നതിനും ലോക കേരള സഭ പ്രയത്നിക്കും. സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതിനായി ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ സംഘടനയുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: അമേഷ്കുമാർ 0404667181, പ്രമോദ് ലാൽ 0434278805, റോയ്തോമസ് 0422049783, ജോസ് ജോസഫ് 0413782284.