ഡൽഹിയിൽ പ്രതീകാത്മക ശിവഗിരി തീർഥാടനം
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്‍റെ നേതൃത്വത്തിൽ കാൽകാജി ശാഖയുടെ ആഭിമുഖ്യത്തിൽ തലസ്ഥാന നഗരിയിൽ നടന്ന പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു. ഡിസംബർ 31ന് രാവിലെ അഞ്ചിന് കാൽക്കാജി ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാണ് തീർഥാടന ചടങ്ങുകൾ ആരംഭിച്ചത്.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര വിദ്യ എന്നീ അഷ്ടാംഗ മാർഗങ്ങളിലൂടെ പ്രായോഗിക ജീവിതം ലളിതമാക്കുന്നതിനായി ശ്രീനാരായണ ഗുരുദേവൻ 85 വർഷങ്ങൾക്കു മുന്പ് കൽപ്പിച്ചനുഗ്രഹിച്ച ശിവഗിരി തീർഥാടനം ഡൽഹിയിൽ പ്രതീകാത്മകമായി തുടക്കമിട്ടത് എട്ടു വർഷങ്ങൾക്കു മുന്പാണ്.

രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം ഗുരുപൂജ നടത്തി. മെഹ്റോളി ശാഖയിലെ ഗുരു മന്ദിരത്തിൽ നിന്നും വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗോവിന്ദ്പുരി ഗുരുദേവ ക്ഷേത്രത്തിൽ എത്തിയ തീർഥാടന പതാക എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ ഉയർത്തി. തുടർന്നു കാൽകാജി അളകനന്ദ ശ്രീ ബാലവേണുഗോപാല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഭക്തി നിർഭരമായ തീർഥാടന യാത്രയെ ഗുരുദേവ ഗാനങ്ങളും കീർത്തനങ്ങളും ഭക്തി സാന്ദ്രമാക്കി. വിവിധ മേഖലകളിൽ നിന്നും പീതാംബര ധാരികളായി പത്തു ദിവസത്തെ വ്രതമെടുത്ത് പദയാത്രികരായി എത്തിയ തീർഥാടക വൃന്ദം 10ന് ഗോവിന്ദ് പുരിയിലെ ഗുരുദേവഷേത്രത്തിൽ എത്തിച്ചേർന്നു.

തുടർന്നു നടന്ന തീർഥാടന സമ്മേളനത്തിൽ കാൽക്കാജി ശാഖാ പ്രസിഡന്‍റ് ഡി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം പഞ്ചായത്ത് കമ്മിറ്റി അംഗം സി.ഡി. സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. പ്രണവം ത്രൈമാസികയുടെ പ്രമുഖ പത്രാധിപരായ വരത്ര ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ, യൂണിയൻ വൈസ് പ്രസിഡന്‍റ് ടി.എസ്. അനിൽ, മുൻ പ്രസിഡന്‍റ് ടി.പി. മണിയപ്പൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ.അനിൽ കുമാർ, യോഗം പഞ്ചായത്ത് കമ്മിറ്റി അംഗം വി.പി. ബാഹുലേയൻ, കാൽക്കാജി ശാഖാ വൈസ് പ്രസിഡന്‍റ് കെ. പൊന്നൻ, കാൽക്കാജി ശാഖാ സെക്രട്ടറി വിപേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

മുൻ ഡൽഹി യൂണിയൻ സെക്രട്ടറി കല്ലറ മനോജ്, ഡൽഹി യൂണിയൻ വനിതാ സംഘം പ്രതിനിധികൾ, കാൽക്കാജി ശാഖാ വനിതാ സംഘം പ്രസിഡന്‍റ് സിന്ധു മോനിച്ചൻ, വൈസ് പ്രസിഡന്‍റ് ജ്യോതി അജയൻ, സെക്രട്ടറി സതി സജീവ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും തീർഥാടനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട് : പി.എൻ. ഷാജി