കല കുവൈറ്റ് വാർഷിക സമ്മേളനം 19 ന്
Wednesday, January 3, 2018 10:55 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 39-ാം വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 19 ന് (വെള്ളി) രാവിലെ ഒന്പതു മുതൽ ആർ.സുദർശനൻ നഗറിൽ (നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ, അബാസിയ) നടക്കും.

ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന പ്രവർത്തന റിപ്പോർട്ടും സാന്പത്തിക റിപ്പോർട്ടും സമ്മേളനം അംഗീകരിക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2018 പ്രവർത്തന വർഷത്തേയ്ക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.

വഫ്ര മുതൽ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കലയുടെ 65 യൂണിറ്റു സമ്മേളനങ്ങളും തുടർന്നു അബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ മേഖല സമ്മേളനങ്ങളും പൂർത്തിയാക്കിയുമാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. അബാസിയ കല സെന്‍ററിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം സ്വാഗത സംഘം ചെയർമാനായി ടി.കെ. സൈജുവിനേയും ജനറൽ കണ്‍വീനറായി ജെ. സജിയെയും തെരഞ്ഞെടുത്തു. കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ടി.വി.ജയൻ (സ്റ്റേജ്), സജീവ് എം.ജോർജ് (ഫിനാൻസ്), ജിതിൻ പ്രകാശ് (പബ്ലിസിറ്റി), ശിവൻകുട്ടി (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളേയും യോഗത്തിൽ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ