ആഗോള കേരളീയ മാധ്യമ സംഗമം 5 ന്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ പങ്കെടുക്കും
Wednesday, January 3, 2018 10:57 PM IST
തിരുവനന്തപുരം: ആഗോള കേരളീയ മാധ്യമ സംഗമം ജനുവരി അഞ്ചിന് കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അമേരിക്ക, ഓസ്ട്രേലിയ, യുകെ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും 50ഓളം കേരളീയ മാധ്യമപ്രവർത്തകരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. കേരള മീഡിയ അക്കാദമി, നോർക്ക, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സംഗമം നടത്തുന്നത്.

ബീച്ച് ഓർക്കിഡിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, അഡ്വ.കെ.രാജു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭാവർമ്മ, പ്ലാനിംഗ് ബോർഡ് അംഗം കെ.എൻ ഹരിലാൽ, തോമസ് ജേക്കബ്, ഡോ.എം.വി.പിള്ള, ഐ ആൻഡ് പിആർഡി ഡയറക്ടർ ടി.വി.സുഭാഷ്, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകർ, കെയുഡബ്ല്യുജെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, കേരള മീഡിയ അക്കാദമിയിലെ സമർഥരായ വിദ്യാർഥികളെ സ്പോണ്‍സർ ചെയ്യുന്ന സ്റ്റെപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതിനിധീകരിച്ചു നാഷണൽ പ്രസിഡന്‍റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, ട്രഷറർ സണ്ണി പൗലോസ്, അഡ്വൈസറി ബോർഡ് മെംബർ റെജി ജോർജ് , ചാപ്റ്റർ പ്രസിഡന്‍റുമാരായ രാജു പള്ളത്ത്, ബിജു കിഴക്കേക്കൂറ്റ്, ഷിജോ പൗലോസ്, ജിജു കുളങ്ങര, മുന്‍ ട്രഷറര്‍ ജോസ് കാടാപ്പുറം തുടങ്ങിയവർ പങ്കെടുക്കും.

മാധ്യമ സംഗമത്തോട് അനുബന്ധിച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിൽ കൊല്ലം പ്രസ് ക്ലബ് മൈതാനിയിൽ ഫോട്ടോ, കാർട്ടൂണ്‍ പ്രദർശനവും നടക്കും. ശങ്കർ, അബു എബ്രഹാം തുടങ്ങി വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രവർത്തിച്ച പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. കാർട്ടൂണിസ്റ്റ് ജി. ബാല കാർട്ടൂണ്‍ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്നു ഓഖി ദുരിത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുതിനുമായി മത്സ്യത്തൊഴിലാളികളും പത്രപ്രവർത്തകരും ചേർന്ന് 1000 മെഴുകുതിരികൾ കത്തിക്കും.

നാലിന് രാവിലെ 11.30 ന് കൊല്ലം പ്രസ് ക്ലബ് അംഗങ്ങളും വിദേശ മലയാളി പത്രപ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി നടക്കും. ലോക കേരള സഭയുടെ രൂപീകരണസമ്മേളനം 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ നടക്കുന്നതിന്‍റെ മുന്നോടിയായാണ് സംഗമം. പ്രവാസി കേരളീയരെ സംബന്ധിക്കുന്ന പൊതുവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ലോക കേരള സഭയുടെ രൂപീകരണ സമ്മേളനത്തിന് പ്രവാസി മാധ്യമസ്ഥാപനങ്ങളുടെയും പ്രവർത്തകരുടെയും പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മാധ്യമസംഗമം നടത്തുന്നത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം