സിബി ഗോപാലകൃഷ്ണൻ ലോക കേരള സഭയിലേക്ക്
Saturday, January 6, 2018 5:10 PM IST
സെന്‍റ് ലൂസിയ (വെസ്റ്റ് ഇൻഡീസ്) : കേരളത്തിന്‍റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് സെന്‍റ് ലൂസിയയിൽ നിന്ന് സിബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരള സഭ രൂപീകരണ പ്രഥമ സമ്മേളനം നടക്കുക.

കരുനാഗപ്പള്ളി സ്വദേശിയായ സിബി വെസ്റ്റ് ഇൻഡീസിലെ സെന്‍റ് ലൂസിയയിൽ ഇന്‍റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ ആയി ജോലി നോക്കുന്നു. വെസ്റ്റ് ഇൻഡീസ് മലയാളി അസോസിയേഷന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളി സംഘടനകൾ ഉൾപ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും പ്രവർത്തിക്കുന്നു. സെയിന്‍റ് ലൂസിയയിൽ ഭാര്യ ഡോ: രജനിക്കും മകൻ ഒമാറിനുമൊപ്പമാണ് താമസം.

ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്‍റ് അംഗങ്ങളും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും ഉൾപ്പെടെ 173 പേർ ഒഴികെയുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. ഓരോ സംസ്ഥാനത്തേയും രാജ്യത്തേയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിത്യം, നിർദേശിക്കപ്പെടുന്നവർ പൊതു സമൂഹത്തിനു നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാവും സഭാംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യുക. ഇന്ത്യൻ പൗര·ാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സംസ്ഥാന സർക്കാർ നാമനിർദശം ചെയ്യും. ഇതിൽ 42 പേർ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നൂറുപേർ പുറം രാജ്യങ്ങളിൽ നിന്നും ആയിരിക്കും. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയ ആറുപേരും വിവിധ മേഖലകളിൽ നിന്നുള്ള 30 പ്രമുഖ വ്യക്തികളും സഭവിലുണ്ടാവും. വെസ്റ്റ് ഏഷ്യ 40, മറ്റു ഏഷ്യൻ രാജ്യങ്ങൾ 20, അമേരിക്കൻ വൻകരകൾ 10, യൂറോപ്പ് 15, ഇതര രാജ്യങ്ങൾ 15 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള പ്രാതിനിധ്യം.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ