മതിയായ രേഖയില്ല; 57 പബുകളും ബാറുകളും അടച്ചുപൂട്ടാൻ നോട്ടീസ്
Saturday, January 6, 2018 8:28 PM IST
ബംഗളൂരു: മതിയായ രേഖകളില്ലാതെ നഗരത്തിൽ പ്രവർത്തിക്കുന്ന 57 പബുകളും ബാറുകളും അടച്ചുപൂട്ടാൻ കോർപറേഷൻ നോട്ടീസ് നല്കി. വിവിധ കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ പ്രവർത്തിക്കുന്ന ബാറുകളടക്കമുള്ളവയ്ക്കാണ് മുന്നറിയിപ്പ് നല്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് മട്ടുപ്പാവുകളിൽ ബാറുകൾ പ്രവർത്തിക്കുന്നതെന്നാണ് കോർപറേഷൻ കണ്ടെത്തിയത്. മിക്കവയ്ക്കും കെട്ടിടത്തിൻറെ താഴത്തെ നിലകളിൽ പ്രവർത്തിക്കാൻ മാത്രമാണ് അനുമതി. എന്നാൽ ഇവർ ലൈസൻസ് ഇല്ലാതെ പ്രവർത്തനം മട്ടുപ്പാവിലേക്ക് വ്യാപിപ്പിക്കുകയാണെന്നും കോർപറേഷൻ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങൾക്ക് അധികൃതർ ഒരുങ്ങുന്നത്.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത 70 പബുകൾക്ക് അഗ്നിരക്ഷാ സേനയും നോട്ടീസ് നല്കിയിട്ടുണ്ട്. 15 ദിവസത്തിനകം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ഈ പബുകളും പൂട്ടേണ്ടിവരും. മുംബൈയിലെ പബുകളിലുണ്ടായ തീപിടിത്തത്തിൻറെ പശ്ചാത്തലത്തിലാണ് ബംഗളൂരുവിലും സുരക്ഷാപരിശോധന കർശനമാക്കിയത്.