പ്രവാസപ്രശ്നങ്ങൾ: നേരനുഭവങ്ങൾ പങ്കുവച്ച് ഉപസമ്മേളനം, പരിഹാര നിർദേശങ്ങൾ ഒട്ടേറെ
Saturday, January 13, 2018 6:44 PM IST
തിരുവനന്തപുരം: പ്രവാസി ദുരിതങ്ങളുടെ നേരനുഭവങ്ങൾ പങ്കുവച്ച് ലോകകേരള സഭയുടെ ഉപസമ്മേളനം. പ്രവാസികളുടെ പ്രശ്നങ്ങൾ പ്രവാസത്തിന് മുന്പും പ്രവാസത്തിലും എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്‍റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചയും പരിഹാരനിർദ്ദേശങ്ങളും ഉയർന്നുവന്നത്.

അഞ്ഞൂറും അറുനൂറും റിയാലിനുവേണ്ടി ക്രൂരമായ ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരയാവുന്ന ഖദ്ദാമമാരുടെ കഷ്ടപ്പാടുകൾ മുതൽ പ്രവാസത്തിലിരിക്കെ മരണപ്പെട്ട് ആശുപത്രി ബില്ല് അടയ്ക്കാൻ വഴിയില്ലാതെ മൃതദേഹം വിട്ടുകിട്ടുന്നതിനായി മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന ഉറ്റവരുടെയും ഉടയവരുടെയും നിസഹായത വരെ അവതരിപ്പിച്ചപ്പോൾ പലരുടെയും കണ്ഠമിടറി. നാട്ടിൽ വീട്ടുജോലിക്കാരെ കിട്ടാത്ത ഇക്കാലത്ത് പതിനായിരമോ പതിനയ്യായിരമോ രൂപയ്ക്കായി സൗദിയിലേക്ക് വീട്ടുജോലിക്കുപോവുന്ന മലയാളി സ്ത്രീകൾ ഇക്കാര്യത്തിൽ ഒരു പുനരാലോചനയ്ക്ക് തയാറാകണമെന്ന് സൗദിയിൽ നിന്നുള്ള അഹ്മദ് കൂരാച്ചുണ്ട് അഭിപ്രായപ്പെട്ടു.

പല രാജ്യങ്ങളിലും ശക്തമായ തൊഴിൽ നിയമങ്ങളുണ്ടെങ്കിലും അതേക്കുറിച്ചുള്ള അജ്ഞതമൂലം പ്രവാസികൾക്ക് അവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വീസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശന്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകൾ ധാരാളമാണെന്നും ഇക്കാര്യത്തിൽ പുതുതായി ജോലിക്കുപോവുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ സർക്കാരിന് കീഴിൽ സംവിധാനം വേണമെന്നും നിർദ്ദേശമുണ്ടായി.

വീട്ടുജോലിക്ക് പോകുന്നവർ യാത്രതിരിക്കുന്നതിനുമുന്പ് ജോലിയുടെ സ്വഭാവം, നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങൾ, നേരിടാനുള്ള വഴികൾ, ആവശ്യമായ പരിശീലനങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഓറിയന്േ‍റഷൻ നൽകാൻ നോർക്കയ്ക്കു കീഴിൽ സംവിധാനം വേണമെന്നു മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ മകൻ കൂടിയായ അഹ്മദ് റയീസ് പറഞ്ഞു. ആശുപത്രികളിൽ മരിച്ച കേസുകളിൽ ചികിൽസാ ചെലവ് നൽകാൻ കന്പനികൾ തയാറാവാതിരിക്കുകയും ബന്ധുക്കൾക്ക് അതിന് ശേഷിയില്ലാതിരിക്കുകയും ചെയ്യുന്നതു മൂലം മൃതദേഹം വിട്ടുകിട്ടാൻ കാലതാമസം നേരിടുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം കേസുകളിൽ ചെലവ് വഹിക്കാൻ സർക്കാരിന്‍റെ സംവിധാനങ്ങളുണ്ടാവണം. ഇവ പരിഹരിക്കാനുതകുന്ന ഇൻഷ്വറൻസ് സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദ മരുന്നുകൾ കൈവശം വച്ചതിന് മയക്കുമരുന്ന് നിയമങ്ങളിൽ കുടുങ്ങി വിദേശരാജ്യങ്ങളിൽ ജയിലുകളിൽ കഴിയുന്നവരും വൻതുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണെന്ന് ന്യൂസിലാന്‍റിൽ നിന്നുള്ള ഡോ. ജോർജ് അബ്രഹാം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ അഭിമാനമായ ആയുർവേദ മരുന്നുകൾക്ക് ഇവിടങ്ങളിൽ അംഗീകാരം നേടിയെടുക്കാൻ ഫലപ്രദമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടെ മറ്റുള്ളവർ നൽകുന്ന പൊതികൾ സ്വീകരിച്ച് മയക്കുമരുന്നുകേസുകളിൽ പെടുന്ന പ്രവാസികൾ ഏറെയാണ്. ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണം നൽകാൻ കേരളത്തിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങളിൽ പ്രവാസി ഹെൽപ്പ് ഡെസ്ക് തുടങ്ങണമെന്നും നിർദേശമുണ്ടായി.

ചെക്ക് കേസിൽ സന്പാദ്യം മുഴുവൻ വിറ്റ് തുകയടച്ചിട്ടും ബാക്കി എത്ര കേസുകളുണ്ടെന്ന് പോലുമറിയാതെ ജയിലുകളിൽ കഴിയുന്ന പ്രവാസികളുണ്ട്. ഇവരുൾപ്പെടെയുള്ള പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിന സംവിധാനം വേണമെന്ന് ഖത്തറിൽ നിന്നുള്ള പി.എൻ ബാബുരാജൻ പറഞ്ഞു. കോണ്‍സുലാർ സേവനങ്ങൾക്ക് ഈടാക്കുന്ന തുകയ്ക്ക് പുറമെ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്ക് രണ്ട് ഡോളർ വീതം ഖത്തർ പോലെയുള്ള സ്ഥലങ്ങളിൽ പ്രവാസികളിൽ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ക്ഷേമപ്രവർത്തനങ്ങളിൽ വലിയ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ടിൽ നിന്ന് പ്രവാസികളുടെ ചികിൽസയ്ക്ക് തുക അനുവദിക്കാൻ സംവിധാനം വേണമെന്നും നിർദേശമുയർന്നു.

മലയാളികളുടെ പ്രവാസത്തിന് പഴക്കമേറെയുണ്ടെങ്കിലും അതേക്കുറിച്ച് ഗൗരവത്തിൽ പഠനം നടത്താൻ ഇതുവരെ ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് ലോക കേരള സഭയുമായുടെ ഭാഗമായി നടന്ന ഉപചർച്ചയിൽ വിമർശനമുയർന്നു. പ്രവാസത്തിന്‍റെ സാധ്യതകൾ, സവിശേഷതകൾ, പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി പ്രത്യേക ഇന്‍റർനാഷനൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യമാണെന്ന് ചർച്ചയിൽ നിർദേശമുണ്ടായി.

ലോക കേരള സഭയിലെ അംഗങ്ങൾക്ക് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് സംവിധാനം വേണമെന്ന് ഗുജറാത്തിൽ നിന്നുള്ള പ്രതിനിധി ഡോ. പ്രമോദ് പണിക്കർ ആവശ്യപ്പെട്ടു. ചർച്ചയിൽ എംഎൽഎമാരായ വി അബ്ദുറഹിമാൻ, പാറക്കൽ അബ്ദുള്ള, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡോ. വി വേണു തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.


പഠനത്തിന് വിദേശത്ത് പോകുന്നവർക്ക് ഗൈഡൻസ് സെന്‍റർ വേണം

വിദേശത്ത് ഉപരിപഠനത്തിന് പോകുന്നവർ ചതിക്കുഴികളിൽ പെടാതിരിക്കാൻ ആവശ്യമായ മാർഗ നിർദേശം നൽകുന്നതിന് നോർക്കയുടെ കീഴിൽ സംവിധാനം വേണമെന്ന് ലോക കേരള സഭയുടെ ഭാഗമായി നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. പല മികച്ച വിദ്യാർഥികൾക്കും ഫീസ് നൽകാതെ സ്കോളർഷിപ്പും പാർട് ടൈം ജോലിയും സഹിതം ഉന്നത പഠനത്തിന് വിദേശസർവകലാശാലകളിൽ അവസരമുണ്ടെങ്കിലും ഇത് പലർക്കുമറിയില്ല. വിദേശരാജ്യങ്ങളിൽ ലഭ്യമായ മികച്ച പഠനാവസരങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് നൽകാൻ ഗൈഡൻസ് സെന്‍റർ സംവിധാനം സഹായകമാവും.

യൂറോപ്യൻഅമേരിക്കൻ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വിദ്യാർഥികളെ കോളജുകളിലെത്തിച്ച് കമ്മീഷൻ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയിലും മറ്റുമുള്ള പല ഏജൻസികളും പ്രവർത്തിക്കുന്നത്. ഇതുമൂലം വിദൂര പ്രദേശങ്ങളിൽ ദുസഹമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ട സാഹചര്യമാണ് വിദ്യാർഥികൾ നേരിടേണ്ടിവരുന്നത്. ഇത് പരിഹരിക്കാൻ ഒൗദ്യോഗിക തലത്തിൽ സംവിധാനം വേണം. വിദേശ യൂനിവേഴ്സിറ്റികൾ കേരളത്തിലെ സർവകലാശാലകളിലേക്ക് വെരിഫിക്കേഷന് അയക്കുന്ന സർട്ടിഫിക്കറ്റുകളിൽ കാലതാമസമില്ലാതെ മറുപടി നൽകണം.

കേരളത്തിൽ നിന്നുള്ള മികച്ച ഉദ്യോഗാർഥികളിൽ പലരും തൊഴിൽ മേഖലകളിൽ നിന്ന് പിന്തള്ളപ്പെടുന്നതിന് കാരണം ഇംഗ്ലീഷിലുള്ള ആശയ വിനിമയത്തിലെ പരിമിതിയാണ്. ഇത് പരിഹരിക്കുന്നതിനും വിദേശ തൊഴിൽ മേഖലയ്ക്കനുയോജ്യമായ നൈപുണ്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനും സ്കൂൾ തലത്തിൽ പദ്ധതികൾ വേണം. വിദേശ രാജ്യങ്ങളിൽ പിഎസ്സി, കഐഎസ് പോലുള്ള മൽസര പരീക്ഷകൾക്ക് കേന്ദ്രങ്ങൾ അനുവദിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാവുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിസാ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നും ചർച്ചയിൽ നിർദ്ദേശമുയർന്നു.

നൂതനാശയങ്ങളുടെ ലോകം തുറന്ന് ശാസ്ത്രജ്ഞർക്കൊപ്പം

ഗുരുകുലവിദ്യാഭ്യാസ സന്പ്രദായവും റോബോട്ടിക്സും ഗണിതശാസ്ത്ര ചരിത്രവും ജീവജാലങ്ങളുടെ സംരക്ഷണവും സജീവമായി ചർച്ച ചെയ്യപ്പെട്ട വേദിയായിരുന്നു സംസ്ഥാന യുവജനകമ്മീഷന്‍റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ ശാസ്ത്രജ്ഞർക്കൊപ്പം എന്ന ഓപ്പണ്‍ ഫോറം.

ഇന്ത്യയ്ക്കകത്തും പുറത്തും ശാസ്ത്ര ഗവേഷണ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. ജോർജ് ഗീവർഗീസ് ജോസഫ്, പ്രഫ. എ.എം. മത്തായി, പ്രഫ. പ്രദീപ് തലാപ്പിൽ, പ്രഫ. സത്യഭാമാദാസ് ബിജു, പ്രഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നീ പ്രഗത്ഭരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുളളഅവസരമൊരുക്കി ഓപ്പണ്‍ ഫോറം.

റോബോട്ടിക്സിന്‍റെ അനന്ത സാധ്യതകളെക്കുറിച്ചും നവീനാശയങ്ങളിലൂന്നിയുള്ള സംരംഭങ്ങളെക്കുറിച്ചും റോബോട്ടിക്സ് , ഹ്യുമനോയിഡ്സ്, ബയോമോർഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധനായ പ്രഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്‍റർനാഷണൽ റോബോട്ട് സോക്കർ അസോസിയേഷന്‍റെ (ഫിറ) സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ അദ്ദേഹം സിംഗപുർ നാഷണൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. ഗുരുകുല സന്പ്രദായത്തിലുള്ള വിദ്യാഭ്യാസം കൂടുതൽ ഗുണംചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടിക്സ് മേഖല ഒരേ സമയം ഗുണപ്രദവും വിവാദങ്ങളുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം വിദ്യാർത്ഥികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഈ മേഖല വികസിക്കുന്പോൾ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്ക വലുതാണ്. എന്നാൽ ജോലി ചെയ്യാനാണോ മനുഷ്യൻ എന്നത് ഒരു മറുചോദ്യമാണ്. ഭിന്നശേഷിക്കാരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഉപയോഗത്തിനുതകുന്ന അനേകം മാറ്റങ്ങൾ റോബോട്ടിക്സ് എന്ന മേഖലയിലെ ഗവേഷണഫലമായി വന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മനുഷ്യകുലത്തിന് ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്നും പ്രഹ്ളാദ് വടക്കേപ്പാട്ട് പറഞ്ഞു.

50 മുതൽ 60 ശതമാനം വരെയുള്ള ജീവജാലങ്ങൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുന്നുമെന്ന് ഡെൽഹി സർവകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയായ പ്രഫ. സത്യഭാമ ദാസ് ബിജു പറഞ്ഞു. 1.7 ദശലക്ഷം വർഗം ജീവികളെയാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. യഥാർത്ഥത്തിലുള്ള ജീവിവർഗങ്ങളുടെ എണ്ണം ഇതിലെത്രയോ മടങ്ങാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി പ്രദേശങ്ങൾ തിരിച്ച് മാപ് തയ്യാറാക്കുമെന്നും ഇത് ഗൂഗിളുമായി കൂട്ടിച്ചേർക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യം, ഉഭയജീവികൾ തുടങ്ങിയവയുടെ ഡാറ്റാബേസ് തയ്യാറാക്കി പൊതുജനത്തിന് നല്കുവാനും പദ്ധതിയുണ്ട്. വംശനാശം സംഭവിച്ച ജീവികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പ്രകൃത്യാലുള്ള കാരണങ്ങളാൽ വംശനാശം സംഭവിച്ചവയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഭയജീവികളുടെ സംരക്ഷണത്തിൽ ഗവേഷണം നടത്തിയിട്ടുള്ള പ്രഫ. സത്യഭാമ ദാസ് ബിജു യൂണിവേഴ്സിറ്റി കോളജ് പൂർവവിദ്യാർഥിയാണ്.

കഴിഞ്ഞ 200 വർഷം കൊണ്ട് എട്ടു ദശലക്ഷം രാസവസ്തുക്കളാണ് മനുഷ്യൻ നിർമിച്ചത്. എന്നാൽ അടുത്ത 10 വർഷം കൊണ്ട് ഇതിലധികം രാസവസ്തുക്കളുണ്ടാക്കും. അത്രയും വ്യാപകമായാണ് രസതന്ത്രമേഖലയിൽ ഗവേഷണങ്ങൾ നടക്കുന്നതെന്ന് മോളിക്യുലർ കെമിസ്ട്രി, നാനോസ്കെയിൽ മെറ്റീരിയൽസ്, നാനോസയൻസ് ആൻഡ് നാനോടെക്നോളജി എന്നിവയിൽ വിദഗ്ധനായ പ്രഫ. പ്രദീപ് തലാപ്പിൽ പറഞ്ഞു. മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനായ അ്ദ്ദേഹം താൻ വികസിപ്പിച്ചെടുത്ത വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക രീതിയെക്കുറിച്ച് സംസാരിച്ചു. എട്ട് ദശലക്ഷം ആളുകൾക്കാണ് ഈ മാർഗം ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. ലോകമെന്പാടുമുളള രസതന്ത്രലാബുകളിൽ വിപ്ളവകരമായ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. ലാബുകളിലാണ് അടുത്ത വ്യവസായ വിപ്ളവം നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികൾക്ക് ഗണിതശാസത്രത്തിൽ ഉന്നതവിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം നല്കണമെന്ന് സംസ്ഥാനത്തെ സെന്‍റർ ഫോർ മാത്തമറ്റിക്കൽ ആന്‍റ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് ഡയറക്ടർ പ്രഫ. എ.എം. മത്തായി പറഞ്ഞു. സെന്‍ററിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷണ കുതുകികൾക്കും നല്കിയിരുന്ന പരിശീലനം ഫണ്ടിന്‍റെ ലഭ്യതക്കുറവുമൂലം ഇപ്പോൾ തുടരാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താത്പര്യമുള്ളവർക്ക് കോഴ്സുകൾ സൗജന്യമായി പഠിക്കാനുള്ള സാഹചര്യം വേണം. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി പ്രസിഡണ്ടും സംസ്ഥാന സ്റ്റാറ്റിസ്റ്റികൽ കമ്മീഷൻ ചെയർമാനുമായ എം.എ മത്തായി കാനഡ മക്ഗിൽ സർവകലാശാല അധ്യാപകനാണ്.

ഗണിതശാസ്ത്രത്തോടുള്ള ഭയം ലോകമെന്പാടുമുള്ളവരിലുണ്ടെന്ന് ഗണിതചരിത്രത്തിൽ അഗ്രഗണ്യനായ പ്രഫ. ജോർജ് ഗീവർഗീസ് ജോസഫ് പറഞ്ഞു. മനുഷ്യമുഖങ്ങളില്ലാത്ത ഗണിതപുസ്തകങ്ങളും ഈ വിഷയത്തെ ആളുകളിൽ നിന്നകറ്റുന്നു. ഗണിതശാസ്ത്രം കൂടുതൽ മാനവിക സ്പർശമുള്ളതാക്കണം. 14 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ ഗണിതശാസ്ത്ര വികസനം തുടരാൻ നമുക്കായില്ല. മാധവൻ, പരമേശ്വരൻ, ദാമോദരൻ, നീലകണ്ഠൻ, ശങ്കരവാര്യർ തുടങ്ങി ഗണിതശാസ്ത്ര വിദഗ്ദ്ധർ അക്കാലത്തുണ്ടായിരുന്നു. കേരളത്തിന്‍റെ ഈ സംഭാവനകൾ ഇപ്പോൾ അന്താരാ്ഷ്ട്ര സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, കേരളത്തിന്‍റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് പാസേജ് ടു ഇൻഫിനിറ്റി എന്ന പുസ്തകമെഴുതിയ ഗീവർഗീസ് ജോസഫ് പറഞ്ഞു.. മാഞ്ചസ്റ്റർ സർവകലാശാലയിലെ സ്കൂൾ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിലെയും അധ്യാപകനാണ് ഗീവർഗീസ് ജോസഫ്.

യോഗത്തിൽ മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേറ്ററായിരുന്നു. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി. സന്തോഷ്കുമാർ, സംസ്ഥാന യുവജനകമ്മീഷൻ സെക്രട്ടറി ജോക്കോസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാഭ്യാസ നവീകരണത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉപസമ്മേള്ളനം

വിദ്യാഭ്യാസമേഖലയുടെ നവീകരണത്തിൽ ആവശ്യമായ പിന്തുണയും സഹായങ്ങളും പ്രവാസസമൂഹം വാഗ്ദാനം ചെയ്തു. പ്രായോഗികതയിലൂന്നിയ വിദ്യാഭ്യാസ സന്പ്രദായം ഉരുത്തിരിയണമെന്ന് ലോക കേരള സഭയുടെ വിദ്യാഭ്യാസ ഉപസമ്മേളനം. പാഠ്യപദ്ധതിക്കുള്ളിൽ തളയ്ക്കപ്പെടാതെ പ്രായോഗികജ്ഞാനവും ഉത്തരവാദിത്തവും വർധിപ്പിക്കാനുതകും വിധമായിരിക്കണം വിദ്യാഭ്യാസം. നൈപുണ്യം ആവശ്യമുള്ള തൊഴിൽമേഖലകൾ വർധിക്കുന്ന സാഹചര്യത്തിൽ നൈപുണ്യവികസനത്തിലും പ്രത്യേക പരിഗണന നൽകണമെന്നും ചർച്ചയിൽ അഭിപ്രായഐക്യമുണ്ടായി. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉപസമ്മേളനത്തിലാണ് വിദ്യാഭ്യാസ മേഖലയിൽ പ്രവാസികളുടെ ആവശ്യങ്ങളും ഗൗരവമുള്ള നിർദേശങ്ങളും ഉയർന്നുവന്നത്.

വിവര വിസ്ഫോടനത്തിന്‍റെ കാലഘട്ടത്തിൽ പുതിയ തൊഴിലുകൾക്ക് വിദ്യാർഥികളെ സജ്ജമാക്കിയാൽ കൂടുതൽ അവസരങ്ങൾ വിദേശങ്ങളിൽ നേടാൻ പ്രയാസമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉള്ളടക്കത്തിലും സമഗ്ര പരിഷ്കാരങ്ങളാണ് നടത്തിവരുന്നത്.

പുതുകാലത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് പ്രവാസികൾക്ക് മികച്ച പങ്ക് വഹിക്കാനാകും. സാന്പത്തികമായ മുതൽമുടക്ക് മാത്രമല്ല, വൈജ്ഞാനികതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് ഒട്ടേറെ സഹായങ്ങൾക്ക് പ്രവാസികൾക്ക് ശേഷിയുണ്ട്. വരുംതലമുറയുടെ വൈജ്ഞാനിക വളർച്ചയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണിത്.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസവകുപ്പിൽ നിന്ന് ചെയ്യാനാവുന്നത് ചെയ്യും. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ട് ജനകീയവും വിദ്യാർഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സന്പ്രദായം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗൗരവമുള്ള ഒട്ടേറെ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. വിപണിയുടെയും തൊഴിൽ സാധ്യതയുടേയും പരിഗണനകൾക്കനുസരിച്ചുള്ള സിലബസ് മാറ്റങ്ങൾ വരണം. കായിക പരിശീലനവും, നീന്തൽ ഉൾപ്പെടെയുള്ളവയും പാഠ്യപദ്ധതിയിൽ വരണം. വ്യക്തി സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിൽനിന്നേ തുടങ്ങുന്നത് നന്നായിരിക്കും. അറിവ് നേടുന്നതിനൊപ്പം ഉത്തരവാദിത്തവും ആത്മവിശ്വാസവും വളർത്താനുതകുന്ന പരിശീലനമാണ് വേണ്ടത്. കാര്യങ്ങൾ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇതിലൂടെ വളരും. തൊഴിൽപരിശീലനവും നൈപുണ്യവും വികസിപ്പിക്കാൻ കഴിയുന്ന പാഠ്യക്രമം സ്കൂളുകളിൽ വരണം.

മുന്പ് നടപ്പാക്കിവന്ന ഡിപിഇപി പോലുള്ള പദ്ധതികൾ ഇത്തരത്തിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്നതായിരുന്നുവെന്ന് വിദേശങ്ങളിലെ വിവിധതരം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിനിധികൾ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.

പാഠ്യപദ്ധതിക്കപ്പുറം ഗവേഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും അനുഭവങ്ങൾ ആർജിക്കുന്ന പഠനസന്പ്രദായം മിക്ക വിദേശരാജ്യങ്ങളിലുണ്ട്. അത്തരം പഠനശൈലിയിൽ നിന്ന് തിരികെ നാട്ടിലെത്തുന്പോൾ സിലബസിൽ ഒതുങ്ങിയുള്ള പഠനം കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രവാസികൾ പറഞ്ഞു.

വികസിത രാജ്യങ്ങളിലേതുപോലെ സാന്പ്രദായിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികൾക്ക് ഗുണകരമാകുന്ന ഭഗിഫ്റ്റഡ് എഡ്യൂക്കേഷൻ’ കൂടി നടപ്പാക്കിയാൽ നന്നാകുമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കുട്ടികളിൽ വായനാശീലം വളർത്താൻ അഡ്വാൻസ്ഡ് റീഡിംഗ് സൗകര്യങ്ങൾ ഒരുക്കണം. അഞ്ചുവയസുവരെ സൗജന്യമായി പുസ്തകങ്ങളും കഥാപുസ്തകളും നൽകിയാൽ വായനാശീലം വളരും.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈബ്രറി സന്പ്രദായം വിപുലീകരിക്കുകയും ഇറീഡർ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യണം. കുട്ടികൾക്ക് കൗണ്‍സിലിംഗ് സൗകര്യം ശക്തമാക്കുകയും ചെയ്യണം. ഓണ്‍ലൈൻ എഡ്യൂക്കേഷൻ സൗകര്യം ശക്തമാക്കണം. പഠനവൈകല്യങ്ങളുള്ളവരെ പരിഗണിച്ച് അനുസൃതമായ സംവിധാനം ഒരുക്കണം. അധ്യാപകർക്കും പരിശീലകർക്കും നിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടാകണം.

തദ്ദേശീയരായ ഗോത്രവിഭാഗക്കാരുൾപ്പെടെയുള്ളവരെ പൊതുവായ വിദ്യാഭ്യാസ സന്പ്രദായത്തിലേക്ക് വലിച്ചിഴയ്ക്കുന്നതു അത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്നതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അവരുടെ ചുറ്റുപാടിൽതന്നെ ചുരുങ്ങിയത് ്രെപെമറിതലം വരെയെങ്കിലും പഠിക്കാൻ അവസരമൊരുക്കണം.

കേരളത്തിൽനിന്ന് പഠിച്ചുകഴിഞ്ഞ പല കോഴ്സുകളും വിദേശത്ത് അംഗീകാരം ലഭിക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണം. വിദേശയൂണിവേഴ്സിറ്റികളുടെ കോഴ്സുകൾ തുടങ്ങാൻ കഴിയുമെങ്കിൽ പരിഗണിക്കണം.

ഡിസൈൻ ആന്‍റ് ടെക്നോളജിയിൽ നിലവാരമുയർത്താൻ യൂണിവേഴ്സിറ്റികൾ വരണം. പ്രവാസികളുടെ മക്കൾക്ക് ഗുണമാകുന്ന രീതിയിൽ നോളജ് സിറ്റികൾ ആരംഭിക്കണം. വിമാനത്താവളങ്ങളോട് സാമീപ്യമുള്ള സ്ഥലങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ വരുന്നത് സൗകര്യമാകും.

ഷാർജയിൽ സുൽത്താൻ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സൗകര്യമൊരുക്കാമെന്ന് നൽകിയ വാഗ്ദാനം വേഗത്തിൽ നടപ്പാക്കാൻ തുടർനടപടികൾക്ക് മുൻകൈയെടുക്കണം. കേരളത്തിലെ സിലബസിൽ പഠിക്കാനുള്ള സൗകര്യം സലാല പോലെയുള്ള സ്ഥലങ്ങളിൽ ആരംഭിക്കാൻ മുൻകൈയെടുക്കണം.

ഡിപി.ഇ.പി പോലുള്ള കുട്ടികളുടെ പ്രായോഗിക പരിജ്ഞാനം വർധിപ്പിക്കുന്ന പദ്ധതികൾ പിന്നീട് കേന്ദ്രം തന്നെ അംഗീകരിച്ചതാണെന്ന് ചർച്ചയ്ക്കൊടുവിൽ സി.പി. നാരായണൻ എംപി പറഞ്ഞു. നൈപുണ്യപരിശീലനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിപിഇപി മികച്ച പാഠ്യപദ്ധതിയായിരുന്നെന്ന് പി.സി. ജോർജ് എംഎൽഎയും പറഞ്ഞു. ഉദ്യോഗസ്ഥതലത്തിൽ വിവിധ പ്രശ്നങ്ങൾ മൂലമുള്ള കാലതാമസം ഒഴിവാക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് പി.കെ. ബിജു എംപി പറഞ്ഞു. വിദ്യാർഥികൾക്ക് കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നുള്ള ബിരുദങ്ങളുമായി കേരളത്തിലെത്തുന്പോൾ യൂണിവേഴ്സിറ്റികളിൽ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഇപ്പോഴുയർന്ന നിർദേശങ്ങൾക്ക് കൃത്യമായ തുടർനടപടികൾ വേണമെന്ന് എംഎൽഎമാരായ എ. പ്രദീപ്കുമാർ, കെ. രാജൻ എന്നിവർ പറഞ്ഞു.

ചർച്ചയിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ എം.എസ്. ജയ, ഭകൈറ്റ്’ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


വ്യവസായ, വിവരസാങ്കേതിക സമ്മേളനം ശ്രദ്ധേയമായി




പ്രവാസി മലയാളികൾക്ക് നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണ് കേരളത്തിൽ ഉള്ളതെന്ന് ലോക കേരള സഭാ ഉപസമ്മേളനം. വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വ്യവസായം, വിവര സാങ്കേതികം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. പ്രവാസികൾക്ക് കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്ന നയപരിപാടികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റുകളിൽ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തിന്‍റെ അഞ്ചു ശതമാനം പ്രവാസികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള വ്യവസായ വാണിജ്യനയങ്ങളാണ് ഇപ്പോൾ നടപ്പാക്കി വരുന്നത്. കേരളത്തിൽ പ്രവാസി വ്യവസായ സാദ്ധ്യതകൾ മെച്ചപ്പെടുത്തുന്നതിന് ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും അദ്ദേഹം പറഞ്ഞു.

തുടർന്നു കേരളത്തിലെ വ്യവസായങ്ങളുടെ സാദ്ധ്യതകൾ വ്യക്തമാക്കുന്ന സംക്ഷിപ്ത റിപ്പോർട്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന അവതരിപ്പിച്ചു. കൊച്ചിയെ അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ പട്ടണമായി വികസിപ്പിക്കും. കൊച്ചി കപ്പൽ നിർമാണശാല എട്ട് അന്തർവാഹിനികൾ നിർമ്മിക്കാൻ ശേഷിയുള്ള വിധത്തിൽ 5400 കോടി രൂപ മുതൽ മുടക്കിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്ക് കൂടുതൽ സാദ്ധ്യത തെളിയും. പ്രത്യേക സാന്പത്തിക മേഖലകളെ ബന്ധിപ്പിച്ച ദേശീയപാതകൾക്ക് അനുബന്ധമായി വ്യവസായ ഇടനാഴികൾ സ്ഥാപിക്കും. ഇതിൽ കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ നിർമ്മാണം പ്രരംഭഘട്ടത്തിലാണ്.

ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ നടപ്പാക്കി വരുന്നു. 15 മുതൽ 20 ശതമാനം വരെ സബ്സിഡി ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് സർക്കാർ നൽകും. ഐറ്റി ഇതര മേഖലകളിലും സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ തുടങ്ങാൻ സർക്കാരിന് പദ്ധതിയുണ്ട്. ഇതിനായി 25 ലക്ഷം രൂപ വരെ കോലാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ ലോണ്‍ നൽകും. തൊഴിൽ മേഖലയെയും വിദ്യാഭ്യാസ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംയോജിത പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകും. കേരളത്തിലെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായികളെ തന്നെ ബ്രാൻഡ് അന്പാസഡർമാരാക്കും.

കരകൗശല ഉല്പന്നങ്ങളുടെ രാജ്യാന്തര പ്രദർശനങ്ങൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സ്കൂൾ യൂണിഫോമുകൾക്കായി കൈത്തറി വസ്ത്രങ്ങൾ ഉപയോഗിക്കുക എന്ന ആശയം യുപി തലം വരെ നടപ്പാക്കിയിട്ടുണ്ട്. ഇത് കൂടുതൽ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുക വഴി കൈത്തറി വ്യവസായം മെച്ചപ്പെടുത്താനാകും. അസംസ്കൃത മുള തുടങ്ങിയ പ്രകൃതിജന്യ വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള വ്യവസായ സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുവെ ലാഭത്തിലാണ്. ഇവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പ്രൊഫഷണൽ മാനേജർമാരെ നിയമിക്കും. ഒരേ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിക്കും. വ്യവസായവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ വ്യവസ്ഥകൾ സംബന്ധിച്ച ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കും. പഞ്ചായത്തുകൾ നിയമലംഘനം സംബന്ധിച്ച് നൽകുന്ന സ്റ്റോപ്പ് മെമോ ഇനി മുതൽ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷം മാത്രം നൽകാനാണ് സർക്കാർ തീരുമാനം. വിവിധ ലൈസൻസുകൾ നൽകുന്നതിനായുള്ള പരിശോധനകൾ സംയുക്തമായി നടത്തും.

റോബോട്ടിക്സ് ആൻഡ് റോട്ടമേഷൻ സംവിധാനം വികസിത രാജ്യങ്ങളിൽ വിജയിച്ചു പ്രവർത്തിക്കുന്ന സാഹചര്യമായതിനാൽ വരും കാലങ്ങളിൽ ഇത്തരം സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകളും പരിശോധിക്കണമെന്ന് വാഷിംഗ്ടണിൽ നിന്നുള്ള കണ്‍സൾട്ടന്‍റ് ഡോ. പ്രീത ചാത്തോത്ത് പറഞ്ഞു. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിൽ താഴെത്തട്ടിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രോജക്ടുകൾ കേരളത്തിലും നടപ്പാക്കണം. വിദേശ സഹകരണത്തോടെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്പോൾ ജപ്പാൻ, സ്കാൻഡിനേവിയൻ എന്നിവയുമായുള്ള സഹകരണത്തിന് പ്രധാന്യം നൽകണം. തേങ്ങ, ചക്ക തുടങ്ങിയ തനതു കാർഷക വിളകളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനവും വിദേശരാജ്യങ്ങളിലെ വിപണി സാദ്ധ്യതകളും പ്രയോജനപ്പെടുത്തണമെന്നും ഹെൽത്ത് ടെക്നോളജി രംഗത്തും കേരളത്തിന് നിക്ഷേപക സാദ്ധ്യതകൾ ഉണ്ടെന്നും അവർ പറഞ്ഞു.

ആഫ്രിക്കൻ രാജ്യങ്ങളിൽ സേവനമേഖല ശൈശവദശയിലായതിനാൽ ഈ രംഗത്ത് നിക്ഷേപക സാദ്ധ്യതയുണ്ട്. കേരള സർക്കാർ സംരംഭങ്ങൾ തുടങ്ങിയാൽ ധാരാളം പേർക്ക് ജോലി സാദ്ധ്യതയുണ്ടാകുമെന്നും ടാൻസാനിയയിൽ നിന്നെത്തിയ പ്രതിനിധി അഭിപ്രായപ്പെട്ടു. വ്യവസായ സംരംഭങ്ങൾ സംബന്ധിച്ച നയപരമായ കാര്യങ്ങളും പ്രായോഗിക നടപടികളും സംബന്ധിച്ച് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബോധവത്കരിക്കണമെന്നും അഭിപ്രായമുയർന്നു. സർക്കാരിന്‍റെ പ്രവാസി സൗഹൃദനയത്തിന് രാജ്യത്തിന് അകത്തും പുറത്തും വന്പിച്ച പ്രചരണം നൽകണം. മൾട്ടി കണ്‍ട്രി രജിസ്ട്രേഷനോടെ കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനുള്ള സാദ്ധ്യതകളും സർക്കാർ പരിശോധിക്കണം. നവസാങ്കേതിക വിദ്യകൾ വേഗത്തിൽ സ്വായത്തമാക്കാനും നടപ്പാക്കാനും കഴിയുന്ന വിധത്തിൽ സർക്കാർ സംവിധാനത്തിൽ ഡിജിറ്റൽ മാനേജർമാർ ഉണ്ടാകണം. കേരളത്തിന്‍റെ ഉൾപ്രദേശങ്ങളിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണ്‍ലൈൻ റിമോട്ട് വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കണം. പ്രൈവറ്റ്, പബ്ലിക് പങ്കാളിത്തത്തിൽ കന്പനികൾ രൂപീകരിച്ച് കേരളത്തിന്‍റെ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ നടപടി ഉണ്ടാകണം. ത്രീഡി പ്രിന്‍റിംഗ് ടെക്നോളജിയുടെ വ്യവസായ സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം. ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ, കേരള അപ്പാർട്മെന്‍റ് ഓണർഷിപ്പ് ആക്ട് എന്നിവ പ്രയോജനപ്രദമായി നടപ്പാക്കണം. കേരളത്തിൽ കാലങ്ങളായി തുടരുന്ന വർക്ക് ഷെഡ്യൂളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്നും പ്രതിനിധികൾ നിർദ്ദേശിച്ചു. നോളജ് ഇക്കോണമിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ വ്യവസായ വിപ്ലവത്തിന് കേരളം തയ്യാറെടുക്കണമെന്നും അഭിപ്രായമുയർന്നു.

എക്സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എംപി, എംഎൽഎ.മാരായ സി.കെ. നാണു, വി.കെ.സി. മമ്മദ് കോയ, കെ.എസ്. ശബരിനാഥ്, കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻ പിള്ള, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.

ഭാഷയ്ക്കൊരുഡോളർ പദ്ധതി ലോകവ്യാപകമാക്കണം: ലോകകേരളസഭയിൽ ആവശ്യം

പ്രവാസികളിൽ മലയാളഭാഷ കൂടുതൽ വ്യാപിപ്പിക്കുന്നതിനും മലയാളംമിഷൻ പ്രവർത്തനങ്ങൾ ഇതുവരെ ശ്രദ്ധകിട്ടാത്ത രാജ്യങ്ങളിൽ തുടങ്ങുന്നതിനും നടപടികളുണ്ടാവണമെന്ന് ലോകകേരളസഭയുടെ ഭാഷയും സംസ്കാരവും സംബന്ധിച്ച ഉപസമ്മേളനത്തിൽ പ്രതിനിധികളിൽനിന്ന് ആവശ്യമുയർന്നു.

പ്രമുഖ കാൻസർരോഗ വിദഗ്ധനും അമേരിക്കയിലെ തോമസ് ജെഫേഴ്സണ്‍ സർവകലാശാലയിലെ ഓങ്കോളജി ക്ളിനിക്കൽ പ്രഫസറുമായ ഡോ.എം,വി.പിള്ള ഭാഷയ്ക്കൊരുഡോളർ പദ്ധതിയുടെ മാതൃകയിൽ പ്രവാസിമലയാളികളുള്ള എല്ലാ വിദേശരാജ്യങ്ങളിലും അതതുരാജ്യത്തെ കറൻസി അടിസ്ഥാനമാക്കി ഭാഷാപുരസ്കാരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനത്തിൽ അത് വിതരണം ചെയ്യണം.

അമേരിക്കയിലെ മ്യൂസിയം ഓഫ്മോഡേണ്‍ആർട്ട്, ഫ്രാൻസിലെ ലൂവ്്ര പോലുള്ള മ്യൂസിയങ്ങളുടെ മാതൃകയിൽ നമ്മുടെസംസ്കാരത്തെക്കുറിച്ചറിയാൻസഹായിക്കുന്ന വിർച്വൽ മ്യൂസിയങ്ങൾ ആരംഭിക്കണമെന്ന് സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ അതതുനാടുകളിലെ സാംസ്കാരികവൈവിധ്യങ്ങൾ പരിചയപ്പെടാൻ സഹായിക്കുന്ന ചെറിയ മ്യൂസിയങ്ങൾ സ്ഥാപിക്കാം. പ്രവാസികുട്ടികൾക്കായി കേരളസംസ്കാരം പരിചയപ്പെടാൻ ഉതകുന്ന കേരളസാംസ്കാരികയാത്രകൾസംഘടിപ്പിക്കണം. പ്രവാസിമലയാളികൾക്കായി ഭാഷാപഠനത്തിന് സഹായകമായ പഠനമൊഡ്യൂളുകൾ മലയാളംമിഷൻ തയ്യാറാക്കണം. പ്രവാസികൾ വിദേശത്തു നടത്തുന്ന മികച്ച പ്രസിദ്ധീകരണങ്ങൾക്ക് സാംസ്കാരികവകുപ്പ് ഗ്രാന്‍റ് നൽകുന്നതും ആലോചിക്കാമെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

സാംസ്കാരികവിനിമയപരിപാടികളിലും സാംസ്കാരികപര്യടനങ്ങളിലും തെക്കുകിഴക്കൻഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഇതുവരെ അധികം ശ്രദ്ധകിട്ടാത്ത രാജ്യങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെന്ന് ആവശ്യമുയർന്നു. കളരിപ്പയറ്റ് പോലുള്ള ആയോധനകലകൾ ചൈനയിലേക്കും മറ്റുമുള്ള സാംസ്കാരികപര്യടനങ്ങളിൽ ഉൾപ്പെടുത്തുന്നത് ആയോധനകലാ സംസ്കാരമുള്ള ഈരാജ്യങ്ങളിൽ കേരളത്തെക്കുറിച്ച് അറിയാൻ സഹായകമാണെന്ന് ഹോങ്കോങ്ങിൽനിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലും മലയാളംമിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന ആവശ്യം ടാൻസാനിയയിൽനിന്നുള്ള പ്രതിനിധി ഉന്നയിച്ചു. പ്രവാസിമലയാളികളുടെ കുട്ടികൾക്കായി യുവജനോത്സവംസംഘടിപ്പിക്കുക, പ്രവാസികൾക്കായി സാഹിത്യ,കലാശില്പശാലകൾ, റെസിഡെൻഷ്യൽക്യാന്പുകൾ നടത്തുക എന്നീ ആവശ്യങ്ങളും ഉയർന്നു.

സാംസ്കാരികമന്ത്രി എ.കെ.ബാലൻ, മ്യൂസിയം,പുരാരേഖ,പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എം.എൽഎമാരായ എം.കെ.മുനീർ, മുകേഷ്, പുരുഷൻ കടലുണ്ടി,സി.മമ്മൂട്ടി, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണിജോർജ്, മലയാളംമിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് എന്നിവർ ചർച്ച നയിച്ചു.


പ്രവാസി വനിതകളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന വേണം ഉപസമ്മേളനം

പ്രവാസി വനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയ സ്ത്രീകളും പ്രവാസവും സംബന്ധിച്ച ഉപസമ്മേളനം ശ്രദ്ധേയമായി. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രതിനിധികൾ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലെ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് സ്ത്രീകൾ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശനം.

ഇതിനെതിരെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപീകരിച്ച പുതിയ വകുപ്പിലൂടെ നിയമ ബോധവൽക്കരണം നടത്തുമെന്നും ഡാറ്റാബാങ്ക് തയാറാക്കുമെന്നും നിലവിലുള്ള കൗണ്‍സിലിംഗ് സെന്‍ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക സംരക്ഷണ പാക്കേജ് തയാറാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലായിരുന്നു മുൻപ് സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച വകുപ്പ് നിലനിന്നിരുന്നത്.

വിദേശത്ത് വീട്ടുജോലിക്ക് പോകുന്നവർക്ക് ജോലിസംബന്ധമായ അറിവ് നൽകാൻ കഴിയുന്നതരത്തിൽ തൊഴിൽ നൈപുണ്യ പാക്കേജുകൾ തയ്യാറാക്കണമെന്ന് സാമൂഹ്യ പ്രവർത്തക സുനിതാ കൃഷ്ണൻ പറഞ്ഞു. മലയാളി കൂട്ടായ്മ, സോഷ്യൽ മീഡിയ ഗ്രൂപ്പ്, മലയാളം മിഷൻ എന്നിവയിലൂടെ പ്രവാസി വനിതകളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കണം. വിദേശത്ത് വീട്ടുജോലി ചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും പത്രം വായിക്കുന്നതിനോ, ടി.വി കാണുന്നതിനോ ഉള്ള സാഹചര്യമില്ല. റേഡിയോ മാത്രമാണ് ആശ്രയം. കൂടുതൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ റേഡിയോയിലൂടെ അവതരിപ്പിക്കണമെന്ന് നടിയും നർത്തകിയുമായ ആശാ ശരത്ത് ആവശ്യപ്പെട്ടു.

മനുഷ്യക്കടത്തും താമസസൗകര്യം ഇല്ലാത്തതും പ്രവാസി സ്ത്രീകളെ പ്രതിസന്ധിയിലെത്തിക്കുന്നു. അനധികൃതമായി താമസിച്ചതിന്‍റെ പേരിൽ നിയമനടപടി നേരിടേണ്ടിവന്ന നിരവധി സ്ത്രീകൾ പ്രവാസി മലയാളികൾക്കിടയിലുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. നിസാര തെറ്റുകൾ ചെയ്തതിന് ജയിൽ ശിക്ഷ നേരിടുന്ന സ്ത്രീകൾ ഇന്നും വിദേശ ജയിലുകളിലുണ്ട്. ഇവർക്കു വേണ്ടുന്ന നിയമസഹായം നൽകാൻ സർക്കാർ ഇടപെടണമെന്നും ആവശ്യമുയർന്നു. ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ തേടിപ്പോകുന്നവരെക്കുറിച്ചുള്ള. വ്യക്തമായ രേഖ ഉണ്ടാവണമെന്നും അഭിപ്രായമുണ്ടായി. വിദേശത്ത് മലയാളി വീട്ടുജോലിക്കാർക്ക് കുറഞ്ഞ ശന്പളമാണ് ലഭിക്കുന്നത്. സ്വന്തം നാട്ടിൽ തന്നെ മെച്ചപ്പെട്ട തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെട്ടാൽ ഗൾഫ് മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകളെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കാൻ കഴിയും.

കേരളത്തിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി എത്തുന്ന കർണാടകയിൽ അമിതമായ ഫീസാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ ശ്രദ്ധ പതിയണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മലയാളിയും കർണാടകയിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അലക്സാണ്ടർ അഭിപ്രായപ്പെട്ടു.

മാനസിക സംഘർഷം അനുഭവിക്കുന്ന പ്രവാസി കുടുബങ്ങൾക്ക് പഞ്ചായത്തുകൾ തോറും സൗജന്യ കൗണ്‍സിലിംഗ് സെന്‍ററുകൾ തുടങ്ങണമെന്ന് ശ്രീമതി ടീച്ചർ എം.പി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ പ്രവാസി വീടുകൾക്കും വയോജനങ്ങൾക്കും കൂടുതൽ സംരക്ഷണം ആവശ്യമാണെന്നും വിദേശത്ത് പോയവരുടെ ഡാറ്റാ ബാങ്ക് തയാറാക്കണമെന്നും വീണാ ജോർജ് എംഎൽഎ പറഞ്ഞു.

സ്വദേശി വത്കരണത്തിന്‍റെ ഭാഗമായി തിരിച്ചുവരുന്ന പ്രവാസി വനിതകൾക്ക് നോർക്കയുമായി ബന്ധപ്പെടുത്തി വിമൻ ആൻഡ് ചൈൽഡ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുമെന്ന് സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ അറിയിച്ചു. ഉഷ ടൈറ്റസ്, ഡിജിപി ബി. സന്ധ്യ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ശ്രീകുമാർ