തെരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാനം; അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 15ന്
Saturday, January 13, 2018 8:15 PM IST
ബംഗളൂരു: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ആയിരിക്കും തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ഒരേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആറംഗ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ‌‌മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതിയും രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാരും സംസ്ഥാനം സന്ദർശിച്ച ശേഷം മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. സംസ്ഥാനത്തു നടക്കുന്ന വിവിധ പരീക്ഷകൾ, ഉത്സവങ്ങൾ, മറ്റ് ആഘോഷപരിപാടികൾ എന്നിവ പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാ‌നാണ് തീരുമാനം. അനിഷ്ടസംഭവങ്ങളില്ലാതെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ ആവശ്യമായ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സംസ്ഥാനത്ത് ഇത്തവണ 2,433 പുതിയ പോളിംഗ് സ്റ്റേഷനുകളാണ് വരുന്നത്. ഇതിൽ 574 എണ്ണം ബംഗളൂരുവിലാണ്.

ഈമാസം 22 വരെ വോട്ടർപട്ടികയിൽ‌ പേരുചേർക്കാൻ അവസരമുണ്ട്. ഫെബ്രുവരി 15ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേരില്ലാത്തവർക്കും പേര് തിരുത്തേണ്ടവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷ നല്കാം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസ്, ബ്ലോക്ക് ലെവൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടോ ചീഫ് ഇലക്ടറൽ ഓഫീസിന്‍റെ വെബ്സൈറ്റിൽ നിന്നോ അപേക്ഷാ ഫോറം വാങ്ങാം.