ഹാസനിൽ കർണാടക ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഏഴു മരണം
Saturday, January 13, 2018 8:17 PM IST
ബംഗളൂരു: കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഹാസൻ താലൂക്കിലെ ശാന്തിഗ്രാമിനു സമീപം ദേശീയപാത 75ൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് ധർമസ്ഥലയിലേക്ക് പോകുകയായിരുന്ന വോൾവോ ബസ് നിയന്ത്രണം വിട്ട് കൈവരികൾ ഇടിച്ചുതെറിപ്പിച്ച ശേഷം താഴേക്കു വീഴുകയായിരുന്നു. 43 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അഞ്ചുപേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. മരിച്ചവരിൽ ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു.

ബൽത്തങ്ങാടി സ്വദേശി ബിജോ (26), ധർമസ്ഥല സ്വദേശികളായ ഡയാന (20), സോണിയ (28), രാജേഷ് പ്രഭു (26), ബംഗളൂരു സ്വദേശിയായ ഗാംഗ്ധർ (55), ബസ് ഡ്രൈവർ ശിവപ്പ ചലവാഡി (45), കണ്ടക്ടർ ലക്ഷ്മൺ (45) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശാന്തിഗ്രാം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എല്ലാ ചികിത്സാചെലവുകളും സർക്കാർ വഹിക്കും. അപകടത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.