കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങൾ തുടങ്ങണം: ഗവർണർ പി. സദാശിവം
Monday, January 15, 2018 10:54 PM IST
തിരുവനന്തപുരം: തൊഴിൽ അന്വേഷകരെ സഹായിക്കാൻ വിദേശ പരിചയം ഉള്ളവരെ ഉൾപ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങൾ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും പ്രവാസി സഹായ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ലോകകേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകേരള സഭയുടെ ഭാഗമായി ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സെമിനാറുകളും ചർച്ചയും സംഘടിപ്പിച്ചതായി മനസിലാക്കുന്നു. ശാസ്ത്ര, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾ തങ്ങളുടെ വൈദഗ്ധ്യവും അറിവും ഇവിടത്തെ വിദ്യാർത്ഥികളും ഗവേഷകരുമായി പങ്കുവയ്ക്കാൻ തയ്യാറാകണം. കേരളത്തിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര തലത്തിൽ വാതായനങ്ങൾ തുറന്നു നൽകുന്ന മികച്ച പദ്ധതികൾക്ക് കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. തങ്ങൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി അവതരിപ്പിക്കുന്ന അംബാസഡർമാരാകാൻ പ്രവാസികളായ അദ്ധ്യാപകർ തയ്യാറാവണം. സമൂഹത്തിന്‍റെ പൊതുഗുണത്തിനായി പ്രവാസി നിക്ഷേപങ്ങൾ സാധ്യമാക്കുന്ന പുതിയ നിക്ഷേപ പദ്ധതികൾക്ക് രൂപം നൽകണം. ലോകകേരളസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്ന് കരുതുന്നു. വിവരസാങ്കേതികവിദ്യ, ടൂറിസം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ അടുത്ത അഞ്ചു വർഷത്തിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിജയികളായ പ്രവാസി വ്യവസായികൾ മുന്നോട്ടു വരണം.

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലാളികളായാണ് മലയാളികളെ കരുതുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വീട്ടുജോലിയിലും ആരോഗ്യ മേഖലയിലും പണിയെടുക്കുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ചർച്ച ചെയ്യണം. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനു മുന്നിൽ വയ്ക്കേണ്ട നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് സംസ്ഥാനസർക്കാരിന് ലോകകേരളസഭയിലെ ചർച്ചകൾ സഹായകമാകുമെന്ന് കരുതുന്നു. ആവശ്യമായ നൈപുണ്യ പരിശീലനം നൽകിയാൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ആഗോള തൊഴിൽ മേഖലയെ കീഴടക്കാനാവും. പ്രവാസി ജീവിതം വരച്ചു കാട്ടുന്ന ബെന്യാമിന്‍റെ ആടുജീവിതത്തിലെ കഥാപാത്രമായ നജീബ് ലോകകേരളസഭയ്ക്കെത്തിയിരുന്നു. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിനിരയായി നേരിടേണ്ടി വരുന്ന കഠിനാവസ്ഥയെക്കുറിച്ച് വ്യക്തമായ സന്ദേശമാണ് നജീബിന്‍റെ ജീവിതം നൽകുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രവാസികളെ ഉൾക്കൊള്ളിച്ച് ലോകകേരളസഭ സംഘടിപ്പിച്ചതിനും പ്രതിപക്ഷത്തിന്‍റെ സഹകരണം ഉറപ്പാക്കിയതിനും മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഗവർണർ അഭിനന്ദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് സഭാ നടപടികൾ വിജയിപ്പിച്ചത് മാതൃകയാണ്. രണ്ടു ദിവസത്തെ സഭ ഫലപ്രദമായി നിയന്ത്രിച്ച സ്പീക്കറെയും അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തിലെ 50 ലക്ഷം പേർ പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് സാന്പത്തിക അവലോകന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 86 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ് ജോലിയെടുക്കുന്നത്. 3.4 ശതമാനം പേർ യു.എസിലും മറ്റുള്ളവർ കാനഡ, ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിലും തൊഴിലെടുക്കുന്നു. ഈ സാഹചര്യത്തിൽ ലോകകേരളസഭ സംഘടിപ്പിച്ചത് ഏറ്റവും അനുയോജ്യമാണെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ. കെ.ടി. ജലീൽ, മേയർ വി. കെ. പ്രശാന്ത്, വിജയൻപിള്ള എം.എൽ.എ, ചീഫ് സെക്രട്ടറി പോൾ ആന്‍റണി, കൗണ്‍സലർ പാളയം രാജൻ, രവിപിള്ള, ഡോ. അനിരുദ്ധൻ, എന്നിവർ പങ്കെടുത്തു. സഹകരണടൂറിസം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ നന്ദിയും പറഞ്ഞു.

തുടർന്ന്, പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ഭപ്രവാസ മലയാളം’ എന്ന മൾട്ടി മീഡിയ മെഗാ ഷോ അരങ്ങേറി. 100 ഗായികാ ഗായകൻമാർ ആലപിക്കുന്ന പ്രവാസഗാനങ്ങൾക്കൊപ്പം നാടക, ചലച്ചിത്ര, സംഗീത, നൃത്ത മേഖലകളിൽ 200 ൽ പരം കലാകാരൻമാർ ഒത്തുചേരുന്ന മെഗാ ഷോയാണിത്.

ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളിലെ പ്രധാന ഗാനങ്ങളുടെ ആലാപനങ്ങൾക്കൊപ്പം പിന്നിലെ സ്ക്രീനിൽ പ്രവാസ ദൃശ്യങ്ങൾ, വേദിയിൽ കോറിയോഗ്രാഫി അവതരണങ്ങൾ, സാഹിത്യ കൃതികളിലെ പ്രവാസ ജീവിത സന്ദർഭങ്ങളുടെ പുനരാവിഷ്കാരം എന്നിവയായിരുന്നു പരിപാടിയിലെ ആകർഷണം.