സ്വിറ്റ്സർലൻഡിൽ ട്രംപ് വിരുദ്ധ പ്രതിഷേധം പുകയുന്നു
Monday, January 15, 2018 11:14 PM IST
ബേണ്‍: ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനെത്തുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ സ്വിറ്റ്സർലൻഡിന്‍റെ തലസ്ഥാനമായ ബേണിൽ പ്രതിക്ഷേധ പ്രകടനങ്ങൾ അരങ്ങേറുന്നു.

ട്രംപിന്‍റെ വികലമായ നയങ്ങളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് പ്രകടനങ്ങൾ. 23ന് സൂറിച്ചിലാണ് ട്രംപ് വിമാനമിറങ്ങുന്നത്. ഫോറത്തിൽ പങ്കെടുക്കാനുള്ള ട്രംപിന്‍റെ തീരുമാനം ഏവരേയും അന്പരപ്പിക്കുന്നതായിരുന്നു. സന്ദർശനത്തോടനുബന്ധിച്ചു പോലീസ് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്‍റെ തീരുമാനത്തെ സ്വിസ് സർക്കാർ സ്വാഗതം ചെയ്തപ്പോൾ, സെന്‍റർ ലെഫ്റ്റ് നേതാക്കളാണ് അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. ഇവർ ട്രംപിന്‍റെ സന്ദർശനം തടയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിന് ഒപ്പു ശേഖരണവും തുടങ്ങിക്കഴിഞ്ഞു. ട്രംപിന്‍റെ നയങ്ങൾ പുരോഗതിക്കും പരിസ്ഥിതിക്കും സുരക്ഷയ്ക്കും അപകടകരമാണെന്ന് ഇവർ ആരോപിക്കുന്നത്.

സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുകേഷ് അംബാനിയും ഉൾപ്പടെ നൂറിലധികം പ്രമുഖരും കൂടാതെ ആഗോള തലത്തിൽ മൂവായിരത്തില്പരം പ്രതിനിധികളും അഞ്ഞൂറിലധികം മാധ്യമപ്രവർത്തകരും ഉച്ചകോടിയിൽ പങ്കെടുക്കും

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ