ജർമനിയിലെ അവയവ ദാതാക്കളുടെ എണ്ണത്തിൽ റിക്കാർഡ് ഇടിവ്
Tuesday, January 16, 2018 11:51 PM IST
ബർലിൻ: ജർമനിയിലെ അവയവ ദാതാക്കളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റിക്കാർഡ് ഇടിവ്. ജർമൻ ഓർഗൻ ട്രാൻസ്പ്ലാന്േ‍റഷൻ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

797 അവയവ ദാനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം നടന്നിട്ടുള്ളത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് അറുപതെണ്ണം കുറവും. ഇത് ഇരുപതു വർഷത്തിനിടയിൽ ഏറ്റവും കുറവുമാണിത്.

മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോഴും ജർമനിയിൽ അവയവ ദാനത്തിന്‍റെ നിരക്ക് വളരെ കുറവാണ്. പത്തു ലക്ഷം പേർക്ക് പത്ത് അവയവ ദാനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിനും താഴെ, 9.7ലാണ് ജർമനി ഇപ്പോൾ നിൽക്കുന്നത്.

അവയവം ദാനം ചെയ്യാൻ ആളുകൾക്കുള്ള വൈമനസ്യത്തിലുപരി, ഇത്തരം ശസ്ത്രക്രിയകൾ നടത്തിവരുന്ന ആശുപത്രികൾ തമ്മിൽ ഏകോപനമില്ലാത്തതാണ് ഈ കുറവിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ