ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ക്രിസ്മസ് പുതുവർഷ സംഗമം ശ്രദ്ധേയമായി
Thursday, January 18, 2018 1:26 AM IST
വിയന്ന: ഓസ്ട്രിയയിലെ കലാസാംസ്കാരിക സംഘടനയായ ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ കുടുംബാംഗങ്ങൾ ക്രിസ്മസ് പുതുവർഷാഘോഷം സംഘടിപ്പിച്ചു. സംഘടനാംഗങ്ങൾ പുതുവർഷരാവിൽ ഒരുമിച്ചു കൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്. 2017 ഡിസംബർ 31ന് രാത്രി എട്ടിന് ആരംഭിച്ച ആഘോഷപരിപാടികൾ പുലർച്ചെ രണ്ടുവരെ നീണ്ടു.

സെക്രട്ടറി സജി മതുപ്പുറത്ത് സാഗതം ആശംസിച്ച സമ്മേളനത്തിൽ മുതിർന്നവരും കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. ഡിസംബർ ജനുവരി മാസങ്ങളിൽ ജ·ദിനങ്ങളും വിവാഹ വാർഷികവും ആഘോഷിക്കുന്നവർ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.

പുതുവർഷം പിറന്നപ്പോൾ അംഗങ്ങൾ സന്ദേശങ്ങൾ പരസ്പരം കൈമാറുകയും തുടർന്നു കരിമരുന്ന് കലാപ്രകടനങ്ങൾ നടത്തുകയും ചെയ്തു. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുകൾക്കും സംഘടനകൾക്കും ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ഭാരവാഹികൾ ആശംസകൾ നേർന്നു. പ്രസിഡന്‍റ് സന്തോഷ് പനച്ചിക്കൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി