യുക്മ നഴ്സസ് ഫോറം സൗത്ത് ഈസ്റ്റ് റീജണൽ കോണ്‍ഫറൻസും പഠനക്ലാസും ഫെബ്രുവരി 10 ന്
Friday, January 19, 2018 12:11 AM IST
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജണൽ കോണ്‍ഫറൻസും പഠന ക്ലാസും ഫെബ്രുവരി 10 ന് ടണ്‍ബ്രിഡ്ജ് വെൽസിൽ നടക്കും.

യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന കോണ്‍ഫറൻസ് രാവിലെ 11.30 ഓടെ രജിസ്ട്രേഷനോടു കൂടി ആരംഭിക്കുന്ന കോണ്‍ഫറൻസിൽ, പ്രവർത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ലാസുകളും നഴ്സിംഗ് ജോലിയിൽ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. യുകെയിലെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

നഴ്സിംഗ് മേഖലയിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾ, പ്രഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴിൽ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്‍റർവ്യൂ സ്കിൽസ് തുടങ്ങിയ വിഷയങ്ങളാണ് പഠന ക്ലാസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സസെക്സ് കമ്യൂണിറ്റി എൻഎച്ച്എസ് ട്രസ്റ്റിലെ റെസ്പിറേറ്ററി സ്പെഷലിസ്റ്റ് നഴ്സും ഇൻഡിപെൻഡന്‍റ് ട്രെയിനറുമായ ജോവാൻ കിൽഗാരിഫ് ആയിരിക്കും കോണ്‍ഫറൻസിന് നേതൃത്വം നൽകുക. യുഎൻഎഫിന്‍റെ സ്ഥാപക നേതാക്കളിലൊരാളും ലീഗൽ അഡ്വൈസറും ഏഷ്യൻ സെന്‍റർ ഓഫ് എക്സലൻസിന്‍റെ ചെയർമാനുമായ തന്പി ജോസ്, റെഡിച്ചിലെ പ്രിൻസസ് അലക്സാൻഡ്ര ഹോസ്പിറ്റലിലെ മേട്രനായ റെജി ജോർജ്, അതേ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ക്ലിനിക്കൽ സ്പെഷലിസ്റ്റ് നഴ്സായ ബിഞ്ചു ജേക്കബ് മിഷൻ കെയറിലെ പ്രാക്ടീസ് ഡെവലപ്മെന്‍റ് മാനേജറായ ഡീ ഗുന്പോ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. വൈകുന്നേരം 5 ന് സമാപിക്കുന്ന ഏകദിന കോണ്‍ഫറൻസിൽ പങ്കെടുക്കുന്നവർക്ക് നാല് മണിക്കൂർ സിപിഡി പോയിന്‍റും ലഭിക്കും.

യുക്മ സൗത്ത് വെസ്റ്റിലും മിഡ്ലാൻഡ്സ് റീജണിലും നടന്ന കോണ്‍ഫറൻസുകൾ വൻ വിജയമായതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ റീജണുകളിൽ കോണ്‍ഫറൻസുകളും പഠനക്ലാസുകളും നടത്താൻ യുക്മ നേഴ്സസ് ഫോറത്തിന് പ്രചോദനമാകുന്നതെന്ന് നഴ്സസ് ഫോറം കോഓർഡിനേറ്ററും യുക്മ നാഷണൽ ജോയിന്‍റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി അഭിപ്രായപ്പെട്ടു. സൗത്ത് ഈസ്റ്റ് റീജണിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ റീജണൽ കോണ്‍ഫറൻസിന് ഉണ്ടാകണമെന്നു നഴ്സസ് ഫോറം പ്രസിഡന്‍റ് ബിന്നി മനോജ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ബിന്നി മനോജ് 07915601185, റെയ്നോൾഡ് മാനുവൽ 07915912373, ബീനാ തോമസ് 07737384231.

വിലാസം: St. Philips Church Hall, Birken Road, Tunbridge Wells, Kent - TN2 3TE.