യൂറോപ്പിനെ വിറപ്പിച്ച് കൊടുങ്കാറ്റ് ഇരന്പുന്നു; നാലു പേർ കൂടി മരിച്ചു
Saturday, January 20, 2018 9:41 PM IST
ആംസ്റ്റർഡാം: ജർമനിയിലും നെതർലൻഡ്സിലുമായി എട്ടു പേരുടെ ജീവനെടുത്ത് അടുത്ത രാജ്യങ്ങളിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റ് താണ്ഡവം തുടരുന്നു. നെതർലൻഡ്സിൽ മൂന്നു പേർ കൂടി മരിച്ചപ്പോൾ ബെൽജിയത്തിലും ഒരാൾക്ക് ജീവൻ നഷ്ടമായി.

കാറ്റും മഞ്ഞും ശക്തമായതിനെത്തുടർന്നു ആംസ്റ്റർഡാം വിമാനത്താവളം അടച്ചിട്ടു. എല്ലാ വിമാനങ്ങളും റദ്ദാക്കി. മരങ്ങൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ കുടുങ്ങിയാണ് മൂന്നു പേർ മരിച്ചത്. കാറിനു മുകളിൽ മരം വീണാണ് ബെൽജിയത്തിൽ ഒരാൾ മരിച്ചത്. ജർമനി, ബ്രിട്ടൻ തുടങ്ങിയ മറ്റു രാജ്യങ്ങളെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു.

ബ്രിട്ടനിൽ 70 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഹിമക്കാറ്റ് ആയിരങ്ങളെ ഭവനരഹിതരാക്കി. തെക്കുകിഴക്കൻ മേഖല പൂർണമായും ഇരുട്ടിലാണ്. റോഡുകളിലുള്ള മഞ്ഞുവീഴ്ച ഗതാഗത സംവിധാനം താറുമാറാക്കി. സ്കൂളുകൾ അടഞ്ഞുകിടന്നു. ശക്തമായ കാറ്റ് തുടരുന്നതിനാൽ ജനങ്ങളോട് കഴിയുന്നതും വീടുകളിൽ കഴിഞ്ഞുകൂടാൻ അധികൃതർ നിർദേശിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ