ശാലോം വേൾഡ് ഓസ്ട്രേലിയയിലേക്ക്
Wednesday, January 24, 2018 11:21 PM IST
സിഡ്നി: നോർത്ത് അമേരിക്കയിലും യൂറോപ്പിലും ആത്മീയവസന്തം സമ്മാനിച്ച ശാലോം വേൾഡ് ഇംഗ്ലീഷ് ചാനൽ ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഓസ്ട്രേലിയൻ ദിനമായ ജനുവരി 26 ന് രാവിലെ എട്ടിന് ഹൊബാർട്ട് സെന്‍റ് മേരീസ് കത്തീഡ്രലിലെ ദിവ്യബലിക്കുശേഷം ഹൊബാർട്ട് ആർച്ച്ബിഷപ് ജൂലിയൻ പോർട്ടിയസാണ് ചാനലിന്‍റെ സ്വിച്ച് ഓണ്‍ കർമം നിർവഹിക്കുക. ശാലോം മീഡിയ ഓസ്ട്രേലിയയുടെ രക്ഷാധികാരികളിൽ ഒരാളും മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷനുമായ മാർ ബോസ്കോ പുത്തൂരിന്‍റെ അനുഗ്രഹാശിസുകളോടെയാണ് സ്വിച്ച്ഓണ്‍ കർമം.

ശാലോമിന്‍റെ ദൃശ്യമാധ്യമശുശ്രൂഷ 2014 ഏപ്രിൽ 27 നാണ് ഇംഗ്ലീഷ് ജനതയ്ക്കുമുന്നിൽ മിഴി തുറന്നത്. ഡിവൈൻ മേഴ്സി തിരുനാൾ ദിനത്തിൽ, വാഴ്ത്തപ്പെട്ട ജോണ്‍ പോൾ രണ്ടാമനെയും ജോണ്‍ 23ാമനെയും വിശുദ്ധഗണത്തിലേക്ക് ഉയർത്തുന്ന തിരുക്കർമങ്ങൾ വത്തിക്കാനിൽനിന്ന് തൽസമയം പ്രേക്ഷകരിലേക്കെത്തിച്ചുകൊണ്ടായിരുന്നു മുഴുവൻ സമയ കത്തോലിക്കാ കരിസ്മാറ്റിക് ചാനലായ ശാലോം വേൾഡിന്‍റെ ആരംഭം.

നോർത്ത് അമേരിക്കയ്ക്കുശേഷം ഘട്ടം ഘട്ടമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചാനൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ സാധ്യമാകുന്നത്. 2016ലെ ഈസ്റ്റർ ദിനമായ മാർച്ച് 12ന് തുടക്കം കുറിച്ച ശാലോം വേൾഡ് യൂറോപ്പിന്‍റെ പ്രക്ഷേപണമായിരുന്നു രണ്ടാം ഘട്ടം. യൂറോപ്പിൽനിന്നുള്ള പരിപാടികൾ ഉൾപ്പെടുത്തി പൂർണമായും യൂറോപ്യൻ സമയക്രമത്തിലാണ് ശാലോം വേൾഡ് യൂറോപ്പിന്‍റെ സംപ്രേക്ഷണം. ഏഷ്യൻ വൻകരയാണ് അടുത്ത ഘട്ടത്തിൽ പ്രക്ഷേപണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡം.

കത്തോലിക്കാസഭയോടും സഭാപ്രബോധനങ്ങളോടും വിധേയപ്പെട്ട് ലോക സുവിശേഷവത്കരണം സാധ്യമാക്കാനും സഭയുടെ വിവിധ ശുശ്രൂഷകൾക്ക് പിന്തുണയേകാനും സഹായകമായ പരിപാടികളാണ് ശാലോം വേൾഡിന്‍റെ ഉള്ളടക്കം. ലോകമെങ്ങും നടക്കുന്ന മിഷണറി പ്രവർത്തനങ്ങളെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനൊപ്പം മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാൻ പ്രചോദനമേകുന്ന പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആത്മീയവളർച്ചയ്ക്കുതകുന്ന വിശ്വാസപ്രബോധനങ്ങൾ, ഡോക്കുമെന്‍ററികൾ, ടോക് ഷോ, മ്യൂസിക് വീഡിയോസ്, കണ്‍സേർട്സ്, സ·ാർഗമൂല്യങ്ങൾ പകരുന്ന സിനിമകൾ, നാടകങ്ങൾ, കുട്ടികൾക്കുവേണ്ടിയുള്ള ആനിമേഷൻ വീഡിയോകൾ എന്നിവ ശാലോം വേൾഡിന്‍റെ ജനപ്രിയ പരിപാടികളിൽ ചിലതുമാത്രം. വത്തിക്കാനിൽ പാപ്പ പങ്കെടുക്കുന്ന പരിപാടികൾ, വിവിധ രാജ്യങ്ങളിൽ നടക്കുന്ന പേപ്പൽ പര്യടനങ്ങൾ എന്നിവയുടെ തൽസമയ സംപ്രേഷണവും ശാലോം വേൾഡിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

യുകെ, കാനഡ, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ദിവ്യബലികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനൊപ്പം ജപമാലയർപ്പണം, ദിവ്യകാരുണ്യ ആരാധനയുടെ സേംപ്രഷണം എന്നിവയും അനുദിന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസാദ്യവെള്ളിയാഴ്ചകളിൽ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിലിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കുചേരുന്നത് പതിനായിരക്കണക്കിന് വിശ്വാസികളാണ്.

മരിയൻ കോണ്‍ഫറൻസ്, ഡിവൈൻ മേഴ്സി കോണ്‍ഫറൻസ്, യൂക്കരിസ്റ്റിക്ക് കോണ്‍ഗ്രസ്, കരിസ്മാറ്റിക് കോണ്‍ഗ്രസ്, പ്രോ ലൈഫ് ഗാതറിംഗുകൾ, യൂത്ത് അൻഡ് അഡൽറ്റ് കോണ്‍ഫറൻ ഉൾപ്പെടെയുള്ള സമ്മേളനങ്ങളുടെ കവറേജും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ സ്റ്റ്യൂബൻവിൽ യൂത്ത് കോണ്‍ഫറൻസിനൊപ്പം ഓസ്ട്രേലിയയിൽനിന്നുള്ള ഇഗ്നൈറ്റ് യൂത്ത് മിനിസ്ട്രി, നെറ്റ് യൂത്ത് മിനിസ്ട്രി എന്നിവയുടെ കോണ്‍ഫറൻസുകളും ശാലോം വോൾഡ് സംപ്രേഷണം ചെയ്യാറുണ്ട്.

പരസ്യങ്ങളെ ആശ്രയിക്കാതെ മുന്നേറുന്ന ശാലോം വേൾഡിന് ശക്തിപകരുന്നത് എസ്പിഎഫ് (ശാലോം പീസ് ഫെല്ലോഷിപ്പ്) അംഗങ്ങളുടെ വിശ്വാസത്തിലൂന്നിയ പിന്തുണയാണ്. ശാലോം മീഡിയ യുഎസ്എയുടെ ആസ്ഥാനമായ ടെക്സസിലെ മക്അലനിലാണ് പ്രക്ഷേപണകേന്ദ്രം. ടിവി പരിപാടികൾ തയാറാക്കാൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറമെ യുകെ, അയർലൻഡ്, വത്തിക്കാൻ എന്നിവിടങ്ങളിലും പ്രൊഡക്ഷൻ ഹൗസുകളുമുണ്ട്. ഓസ്ട്രേലിയയിലും പ്രൊഡക്ഷൻ യൂണിറ്റുകൾ തയാറായിക്കഴിഞ്ഞു.

നോർത്ത് അമേരിക്കയിലേതുപോലെ ഇതര ഭൂഖണ്ഡങ്ങളിലും സാറ്റലൈറ്റ് പ്രക്ഷേപണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ശാലോം വേൾഡ്. പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന പരിപാടികൾ www.shalomworld.org/live എന്ന വെബ് സൈറ്റിലൂടെയും സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമിലൂടെയും ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെയും കാണാൻ സൗകര്യവുമുണ്ട്.

വിവരങ്ങൾക്ക്:www.shalomworld.org/connectedtv