കോടക്കുളിരണിഞ്ഞ നജഫ് ഗഡിൽ ഭക്ത സഹസ്രങ്ങൾ പൊങ്കാലയിട്ടു
Tuesday, February 20, 2018 12:23 AM IST
ന്യൂഡൽഹി: കോടമഞ്ഞ് മൂടാപ്പണിഞ്ഞുനിന്ന നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭക്ത സഹസ്രങ്ങൾ പൊങ്കാലയിട്ടു. അതികഠിനമായ തണുപ്പും മൂടൽ മഞ്ഞും വകവയ്ക്കാതെ പുൽച്ചെ നാലു മുതൽ ഭക്തജനങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തി.ഇത്തവണയും ക്ഷേത്രത്തിനു പുറകുവശത്തുള്ള കൃഷി ഭൂമിയായിരുന്നു പൊങ്കാല അർപ്പണത്തിനായി സജ്ജമാക്കിയത്.

ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി അഖിൽ ദേവും ശശികുമാർ നന്പൂതിരിയും വെങ്കിടേശ്വരൻ പോറ്റിയും പരികർമ്മികളായി. വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. ഹസ്ത്സാൽ ശ്രീ ശാരദാംബ ഭജന സമിതി രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചു.

ശ്രീകോവിലിലെ നെയ്വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിനരികിലേക്ക് ആനയിച്ചപ്പോൾ ചെറുതാഴം കുഞ്ഞിരാമൻ മാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളങ്ങൾ അകന്പടിയായി. പ്രത്യേക പൂജകൾക്കു ശേഷം പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നപ്പോൾ ഭക്തജനങ്ങൾ വയ്ക്കുരവയാൽ നജഫ് ഗഡിൽ വിരാജിക്കുന്ന ചോറ്റാനിക്കരയമ്മക്ക് സ്വാഗതമരുളി. തുടർന്ന് ഡൽഹിയിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നും വന്ന ഭക്ത സഹസ്രങ്ങൾ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം ദീപനാളങ്ങൾ പകർന്നു. ദേവീമന്ത്ര ജപങ്ങൾ അലയടിച്ച ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും മഞ്ഞു മാറി പ്രകാശമാനമായി. അടുപ്പുകളിൽ നിന്നുയർന്ന പുകപടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷത്തിൽ ഹംസധ്വനി അമൃതപുരിയുടെ നേതൃത്വത്തിൽ ഗുരു വിനോദ് കുമാർ കണ്ണൂരിന്‍റെ ശിഷ്യഗണങ്ങൾ ഒരുക്കിയ സംഗീതാർച്ചനയുടെ ശീലുകൾ നിറഞ്ഞു നിന്നു. ഉത്സവത്തിമിർപ്പിനു താളവൃന്ദങ്ങൾ മേളപ്പെരുമഴയുതിർത്തപ്പോൾ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരിമേനിമാർ തീർത്ഥം തളിച്ചു. തുടർന്നു വ്രതശുദ്ധിയുമായി വർഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ വന്നണഞ്ഞ സൗഭാഗ്യവുമായി സർവാഭരണ വിദൂഷിതയായ നജഫ് ഗഡിലമ്മയെ തൊഴുത് കാണിക്കയർപ്പിച്ച് അന്നദാനത്തിലും പങ്കെടുത്ത് ഭക്തസഹസ്രങ്ങൾ മടക്ക യാത്രയിലായി. കലശാഭിഷേകം. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയായിരുന്നു പൊങ്കാല ദിവസത്തെ മറ്റു പ്രധാന ചടങ്ങുകൾ.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍റ് പി.ആർ. പ്രേമചന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് ആത്മീയ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സി. കേശവൻ കുട്ടി, ബാലഗോകുലത്തിന്‍റെ പി.കെ.സുരേഷ്, ബിജെപി സൗത്ത് ഇന്ത്യൻ സെല്ലിലെ രാധാകൃഷ്ണൻ വരേണിക്കൽ, ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് രക്ഷാധികാരി ആർ.പി. പിള്ള, ട്രഷറർ വി.കെ.എസ്. നായർ, ഇന്‍റർണൽ ഓഡിറ്റർ സി.എസ്. പിള്ള, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് മുൻ സെക്രട്ടറി ഇ.ആർ. പത്മകുമാർ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി