നോർവേയിൽ ജനന നിരക്ക് കുറയുന്നതിൽ സർക്കാരിന് ആശങ്ക
Tuesday, February 20, 2018 12:30 AM IST
ഓസ്ലോ: നോർവേയിൽ ജനന നിരക്ക് കുറയുന്ന പ്രവണത തുടരുന്നതിൽ സർക്കാർ ആശങ്ക രേഖപ്പെടുത്തി. സർക്കാർ കണക്കുകളിലാണ് ജനന നിരക്കു കുറയുന്നതായി വ്യക്തമാകുന്നത്. 2017 ലെ ആദ്യ മൂന്നു ക്വാർട്ടറുകളിലെ ജനന നിരക്ക് മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ 4.2 ശതമാനം കുറവാണെന്നാണ് വ്യക്തമാകുന്നത്.

2016 ലെ ആദ്യ ഒന്പതു മാസം നോർവേയിൽ ആകെ ജനിച്ച കുട്ടികളുടെ എണ്ണം 58,890 ആണ്. കഴിഞ്ഞ വർഷം ആദ്യ ഒന്പതു മാസം ഇത് 43,890 മാത്രമായിരുന്നു. വർഷത്തിന്‍റെ അവസാന പാദം ജനന നിരക്ക് വീണ്ടും കുറയുന്നതാണ് വർഷങ്ങളായി കണ്ടു വരുന്ന പ്രവണത. ജനന നിരക്കു പിടിച്ചു നിർത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വക്താവ് വെളിപ്പെടുത്തി.

2000ത്തിന്‍റെ തുടക്കം മുതലിങ്ങോട്ടുള്ള കണക്കുകളിൽ, നോർവേയിലെ ജനന നിരക്ക് ഏറ്റവും കുറവു രേഖപ്പെടുത്തിയ വർഷമാണ് 2017. അതിനു മുന്പൊരിക്കലും 55,000ത്തിനു താഴേക്കു വന്നിട്ടില്ല. 2000ത്തിനു ശേഷം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്, 62,000 കുട്ടികൾ ജനിച്ച 2009ലായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ