ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എയിൽസ്ഫോർഡ് തീർഥാടനം മേയ് 27 ന്
Tuesday, February 20, 2018 12:35 AM IST
പ്രസ്റ്റണ്‍: പരിശുദ്ധ കന്യാ മറിയത്തിന്േ‍റയും ഭാരത സഭയിൽനിന്നുള്ള വിശുദ്ധരായ അൽഫോൻസാമ്മയുടേയും ചാവറപിതാവിന്േ‍റയും എവുപ്രാസ്യമ്മയുടേയും മദർതെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടേയും സംയുക്ത തിരുനാൾ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ രൂപത പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ എയിൽസ്ഫോർഡിൽ മേയ് 27ന് ആഘോഷിക്കുന്നു.

ഇംഗ്ലണ്ടിന്‍റെ ആരാമം എന്നറിയപ്പെടുന്ന കെന്‍റിലെ പ്രശസ്തമായ ഈ മരിയൻ തീർഥാടനകേന്ദ്രത്തിൽ അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവർഷങ്ങളായി ലണ്ടനിലെ സീറോ മലബാർ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രധാനപ്പെട്ട ഒരുതീർഥാടനമായി ഇപ്പോൾ മാറിയിരിക്കുന്നത്.

കർമലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമണ്‍സ്റ്റോക്ക് ഈ പ്രയറിയിലാണ് അക്കാലത്ത് ജീവിച്ചിരുന്നത്. 1251ൽ നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഇവിടെവച്ചാണ് വിശുദ്ധ
സൈമണ്‍ സ്റ്റോക്ക് പിതാവിന് മാതാവ് ദർശനത്തിലൂടെ വെന്തിങ്ങ നൽകിയതെന്നു വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങധരിക്കുന്ന ഏവർക്കും മാതാവിന്‍റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളിൽ നിന്നും ആപത്തുകളിൽനിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കർമലീത്താസഭയുടെ പ്രിയോർ ജനറാളായിരുന്നു അന്നു വിശുദ്ധ സൈമണ്‍ സ്റ്റോക്ക് . അന്നു മുതൽക്കാണ് കർമലീത്താ സന്യാസികൾ വെന്തിങ്ങ അഥവാ സ്കാപുലർ ധരിക്കുവാൻ ആരംഭിച്ചത്.

ഉച്ചയ്ക്ക് 12ന് ജപമാലാരാമത്തിലൂടെയുള്ള ജപമാലപ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. രണ്ടിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്നു ലദീഞ്ഞും പ്രദക്ഷിണവും നടക്കും.

രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന വിശ്വാസസമൂഹത്തിനുവേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.കോച്ചുകളും കാറുകളും പാർക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്