ലണ്ടനിൽ ആറ്റുകാൽ പൊങ്കാല മാർച്ച് രണ്ടിന്
Saturday, February 24, 2018 8:51 PM IST
ലണ്ടൻ: വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യുകെയിലുള്ള ദേവീ ഭക്തർക്ക് ബോണ്‍ തുടർ അവസരം ഒരുക്കുന്നു. ലണ്ടനിൽ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാർച്ച് രണ്ടിനു (വെള്ളി) ശ്രീ മുരുകൻ ക്ഷേത്രത്തിൽ ആചരിക്കുന്നു.

രാവിലെ ഒന്പതിന് പൊങ്കാലയുടെ പൂജാദികർമങ്ങൾ ആരംഭിക്കും.ഈസ്റ്റ്ഹാമിലെ ശ്രീ മുരുകൻ ടെന്പിളിന്‍റെ ആദിപരാശക്തിയായ ജയദുർഗയുടെ നടയിലെ വിളക്കിൽ നിന്നും കേരളീയ തനിമയിൽ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടർന്നു ദീപം പകർന്നു നൽകും.പൊങ്കാല ആചരണത്തിന്‍റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യ മേളങ്ങളുടെയും അകന്പടിയോടെ ക്ഷേത്രത്തിന്‍റെ സമുച്ചയത്തിലെ ലക്ഷ്മി, ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വച്ചു കൊണ്ടാണ് ഭദ്രദീപം യാഗാർപ്പണ പീഡത്തിലെത്തിക്കുക. ഈസ്റ്റ്ഹാം എംപിയും മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായിരിക്കും.

കൗണ്‍സിലർമാർ, കമ്യൂണിറ്റി നേതാക്കൾ, ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്കിലെ മെംബർമാർ, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജോയ് ആലുക്കാസ്, യുഎഇ എക്സ്ചേഞ്ച്, സ്വയം പ്രോപ്പർട്ടി, ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ റസ്റ്ററന്‍റുകൾ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബോണിന്‍റെ ആരോഗ്യ സാമൂഹ്യ പ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലുണ്ട്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബോണ്‍ (ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്) ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

ആയിരത്തോളം ഭഗവതി ഭക്തർ ഇത്തവണ യുകെയുടെ വിദൂര ഭാഗങ്ങളിൽ നിന്നും മറ്റുമായി ദേവീ സാന്നിധ്യവും അനുഗ്രഹവും സായൂജ്യവും തേടി ന്യൂഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

പ്രാർഥനയുടെയും വിശ്വാസത്തിന്‍റെയും ദേവീ കടാക്ഷത്തിന്‍റെയും ശക്തി ഒന്നു കൊണ്ടു മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പത്തു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്നു പോവുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ് സംഘടന) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരൻ പറഞ്ഞു.

വിവരങ്ങൾക്ക്: ഡോ. ഓമന ഗംഗാധരൻ 07766822360.