ജർമനിയിൽ ബജറ്റ് മിച്ചം റിക്കാർഡ് ഭേദിച്ചു
Saturday, February 24, 2018 9:31 PM IST
ബർലിൻ: ജർമനിയിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് മിച്ചം 36.6 ബില്യണ്‍ യൂറോ. സർവകാല റിക്കാർഡാണിത്. മറ്റു പ്രമുഖ രാജ്യങ്ങൾ പലതും കടുത്ത ബജറ്റ് കമ്മി നേരിടുന്ന സമയത്താണ് ജർമനിയിൽ മിച്ചം രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെഡറൽ, സ്റ്റേറ്റ്, മുനിസിപ്പൽ വരുമാനങ്ങൾ എല്ലാം ചേരുന്പോൾ, ആകെ ചെലവിനെക്കാൾ 36.6 ബില്യണ്‍ യൂറോ കൂടുതലാണ്. അതേസമയം, 38.4 ബില്യണ്‍ മിച്ചം വരുമെന്നാണ് വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നത്. എങ്കിൽപ്പോലും ജർമൻ പുനരേകീകരണത്തിനുശേഷം ഇത്രയും വലിയ മിച്ചം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

3.26 ട്രില്യൻ യൂറോയാണ് കഴിഞ്ഞ വർഷം രാജ്യത്തിന്‍റെ മൊത്തെ ആഭ്യന്തര ഉത്പാദനം. ഇതിന്‍റെ 1.1 ശതമാനം വരുന്നു ബജറ്റ് മിച്ചം. കഴിഞ്ഞ വർഷം 2.2 ശതമാനമാണ് ജിഡിപി വളർച്ച. ഇത് 2011നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.മെർക്കലിന്‍റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് ബജറ്റ് അവതരിപ്പിച്ചത്

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ