ഗൗരിയുടെ കൊലയാളിയെ എത്തിച്ചത് നവീൻ കുമാറെന്ന് അന്വേഷണസംഘം
Saturday, March 3, 2018 6:39 PM IST
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ വെള്ളിയാഴ്ച പിടിയിലായ ഹിന്ദുയുവസേനാ പ്രവർത്തകൻ നവീൻ കുമാറിന് കൊലയാളിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണസംഘത്തിന്‍റെ നിഗമനം. കൃത്യം നടന്ന 2017 സെപ്റ്റംബർ അഞ്ചിന് രാത്രി ഗൗരിയുടെ രാജരാജേശ്വരിനഗറിലെ വീട്ടിലേക്ക് കൊലയാളിയെ എത്തിച്ചത് നവീൻ ആണെന്നാണ് സംശയിക്കുന്നത്. പുരോഗമന സാഹിത്യകാരൻ എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാഭോൽക്കർ എന്നിവരുടെ കൊലയാളികൾ ഉൾപ്പെട്ട സംഘടനയിലെ അംഗമാണ് നവീൻ കുമാർ എന്ന് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നു. നാലുപേരുടെയും കൊലപാതകത്തിന് ഉപയോഗിച്ചത് ഒരേ ആയുധമാണെന്ന് പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സെപ്റ്റംബർ മൂന്നിനും അഞ്ചിന് രാവിലെയും ബൈക്കിൽ ഒരാൾ ഗൗരിയുടെ വീടിനു മുന്നിൽ നിരീക്ഷണം നടത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇയാളുമായി നവീന് സാമ്യമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നവീൻ ബൈക്കിൽ സഞ്ചരിക്കുന്ന ഫോട്ടോ പുനഃസൃഷ്ടിച്ച ശേഷം സിസിടിവി ദൃശ്യവുമായി ഒത്തുനോക്കിയ ശേഷം ഫോറൻസിക് വിഭാഗത്തിന്‍റെ കൂടി റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യം ഉറപ്പിക്കാനാകൂ എന്നും അന്വേഷണസംഘം സൂചിപ്പിച്ചു. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ രാജരാജേശ്വരി നഗറിലുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ടെന്നും അവർ അറിയിച്ചു. പിന്നീട് 15 ദിവസത്തോളം ഒളിവിലായിരുന്നു ഇയാൾ. ഇതിനിടെ, താനൊരു വലിയ ജോലിയിൽ ഏർപ്പെട്ടുവെന്ന് നവീൻ കൂട്ടുകാരനോട് പറഞ്ഞിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നിന്ന് ഗോവയിലേക്കും തിരിച്ചും നടന്ന ഏതാനും ഫോൺസന്ദേശങ്ങൾ ചോർത്തിയിരുന്നു. ഈ സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്ന് കേസിലെ നവീന്‍റെ പങ്ക് തെളിഞ്ഞതായും എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഹോത്തെ മാഞ്ജ എന്ന നവീൻകുമാറി(38)നെ കസ്റ്റഡിയിലെടുത്തത്. തു​​ട​​ർ​​ന്ന് കോടതിയിൽ ഹാജരാക്കിയ ന​​വീ​​നെ കൂ​​ടു​​ത​​ൽ ചോ​​ദ്യം ചെ​​യ്യലി​​നാ​​യി എ​​ട്ടു​​ദി​​വ​​സ​​ത്തെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വിട്ടുന​​ല്കി. നാ​​ട​​ൻ കൈ​​ത്തോ​​ക്കും വെ​​ടി​​യു​​ണ്ട​​ക​​ളു​​മാ​​യി ന​​വീ​​ൻ​​കു​​മാ​​റി​​നെ ഫെ​​ബ്രു​​വ​​രി 19നു മജെസ്റ്റിക് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് ​​പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ആ‍യു​​ധ നി​​യ​​മ​​പ്ര​​കാ​​രം ഇ​​യാ​​ൾ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് ന​​വീ​​ൻ റി​​മാ​​ൻ​​ഡി​​ലാ​​യി​​രു​​ന്നു. ര​​ഹ​​സ്യ​​കേ​​ന്ദ്ര​​ത്തി​​ൽ നാ​​ലു​​പേ​​രോ​​ടൊ​​പ്പം വെ​​ടി​​വ​​യ്പ് പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ചി​​രു​​ന്ന​​താ​​യി ഇ​​യാ​​ൾ പോ​​ലീ​​സി​​നു മൊ​​ഴി ന​​ല്കി​​യി​​രു​​ന്നു.