ജർമനിയിൽ തൊഴിലവസരങ്ങൾ റിക്കാർഡ് ഉയരത്തിൽ
Saturday, March 10, 2018 9:20 PM IST
ബർലിൻ: ജർമനിയിൽ പുതിയ തൊഴിലവസരങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2017ന്‍റെ അവസാനം വരെയുള്ള കണക്കനുസരിച്ച് 1.2 മില്യണ്‍ തൊഴിലവസരങ്ങളാണ് നികത്തപ്പെടാതെ കിടക്കുന്നത്.

1990 ലെ ജർമൻ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണിതെന്ന് തൊഴിൽ വകുപ്പു സാക്ഷ്യപ്പെടുത്തുന്നു. സമീപകാലത്തൊന്നു ഇതിൽ വലിയ കുറവു വരാൻ സാധ്യതയില്ലെന്നും കണക്കാക്കുന്നു.

ജർമനിയിലെ കണക്കനുസരിച്ച് ഓരോ നൂറു വേക്കൻസികൾക്കും ശരാശരി 194 തൊഴിലന്വേഷകരാണുള്ളത്. കിഴക്കൻ സംസ്ഥാനങ്ങളുടെ മാത്രം കണക്കെടുത്താൽ ഇത് 225 ആകും. എങ്കിലും ഇവരാരും തന്നെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏറ്റെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ജർമനിയിൽ നഴ്സിംഗ് മേഖലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉണ്ടായിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവർ ഈ മേഖലയിൽ കുറവാണെന്നുള്ളതാണ് ഇതിന്‍റെ പ്രധാന കാരണം. അതുകൊണ്ടുതന്നെയാണ് മെർക്കൽ സർക്കാർ വിദേശ രാജ്യങ്ങളിലെ നഴ്സുമാർക്കായി ജർമനിയുടെ വാതിൽ തുറക്കാൻ തീരുമാനിച്ചത്.

കേരളത്തിൽ നിന്നും നഴ്സിംഗ് മേഖലയിലേയ്ക്ക് നല്ലൊരു കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ ജർമനിയിലുള്ളത്. നഴ്സിംഗ് യോഗ്യതയും ജർമൻ ഭാഷാ ലെവൽ ബി 2 ഉം പാസായവർ ഒരു ജോബ് ഓഫർകൂടി കരസ്ഥമാക്കിയാൽ ജർമനിയിൽ നഴ്സിംഗ് ജോലിക്കായി അപേക്ഷിക്കാം. ജർമൻ എംബസി മുഖേനയോ, കോണ്‍സുലേറ്റുകൾ വഴിയോ ബന്ധപ്പെട്ട് മുന്നോട്ടുള്ള നടപടി ക്രമങ്ങൾക്കായി ശ്രമിക്കേണ്ടതാണ്. ഇതിനായി യാതൊരു ഏജൻസികളെയും നിയോഗിച്ചിട്ടില്ല എന്നും കൂടി ഓർമപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ