ഇറക്കുമതി തീരുവയിൽ നിന്നു യൂറോപ്പിനെ ഒഴിവാക്കണം: മെർക്കൽ
Saturday, March 10, 2018 9:21 PM IST
ബർലിൻ: യുഎസ് പുതുതായി ഏർപ്പെടുത്തിയ സ്റ്റീൽ, അലൂമിനിയം ഇറക്കുമതി തീരുവയിൽനിന്ന് യൂറോപ്യൻ യൂണിയനെ ഒഴിവാക്കണമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ഇത്തരത്തിലുള്ള തീരുവകൾ ഏർപ്പെടുത്തുന്നത് എല്ലാവരെയും വേട്ടയാടുന്നതിനു തുല്യമാണെന്നും അവർ കുറ്റപ്പെടുത്തി.

നീതിയുക്തമല്ലാത്ത വ്യാപാരം യുഎസിനെ ബാധിക്കുന്നു എന്നും ഇത്തരം തീരുവകൾ യുഎസ് സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ളതാണെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നു. സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരും.

അതേസമയം, കാനഡയേയും മെക്സിക്കോയെയും തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമാനമായ ഇളവാണ് യൂറോപ്യൻ യൂണിയനു വേണ്ടി ജർമനിയും ആവശ്യപ്പെടുന്നത്.

തീരുവ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ജപ്പാൻ. ലോക വ്യാപാര സംഘടനയിൽ വിഷയം ഉന്നയിക്കുമെന്ന് ദക്ഷിണ കൊറിയ. തീരുവ ഏർപ്പെടുത്തിയതിനെ യൂറോപ്യൻ യൂണിയനും അപലപിച്ചു. ബദൽ മാർഗങ്ങൾ തേടുമെന്നും പ്രഖ്യാപിച്ചു. ഇളവിനുള്ള സാധ്യതകൾ തേടി യൂറോപ്പുമായി ചേർന്നു പ്രവർത്തിക്കുമെന്ന് യുകെ. ട്രംപിന്‍റെ തീരുമാനം നിരാശാജനകമെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ട്. ഇളവിനു ശ്രമിക്കുമെന്നു ഓസ്ട്രേലിയയും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ