മെർക്കൽ നാലാമൂഴവും ജർമൻ ചാൻസലറായി അധികാരമേറ്റു
Wednesday, March 14, 2018 11:42 PM IST
ബർലിൻ: നിലവിലെ ജർമൻ ചാൻസലർ അംഗലാ മെർക്കൽ ചാൻസലറായി വീണ്ടും തെരഞ്ഞെടുത്തു. നാലാമൂഴവും അധികാരമേറ്റ മെർക്കലിന്‍റെ തുടർഭരണത്തിന് വീണ്ടും നാലുവർഷം കൂടി നീട്ടിക്കിട്ടി. 2005, 2009, 2013 എന്നീ വർഷങ്ങളിലാണ് മെർക്കൽ മുന്പ് ചാൻസലറായത്.

ബുധനാഴ്ച രാവിലെ പാർലമെന്‍റിൻ നടന്ന ചാൻസലർ വോട്ടെടുപ്പിൽ സിഡിയു/സിഎസ്യു, എസ്പിപി അടങ്ങിയ ഗ്രോക്കോ മുന്നണിയിലെ 399 അംഗങ്ങളിൽ 364 അംഗങ്ങൾ മെർക്കലിന് അനുകൂലമായി വോട്ടു ചെയ്തു. 315 അംഗങ്ങൾ എതിർത്തു വോട്ടു ചെയ്തപ്പോൾ ഗ്രോക്കോ മുന്നണിയിലെ 35 അംഗങ്ങൾ മെർക്കലിനെ പിന്താങ്ങിയില്ല എന്നതും ശ്രദ്ധേയമായി. പതിനേഴു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒൻപതുപേർ നിഷ്പക്ഷത പാലിച്ചു. നാല് അംഗങ്ങളുടെ വോട്ടുകൾ അസാധുവായി. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ആകെ 709 അംഗങ്ങളുള്ള പാർലമെന്‍റിൽ ഗ്രോക്കോ മുന്നണിയിലെ സിഡിയു/ സിഎസ്യു(246), എസ്പിഡി(153) കക്ഷികൾക്ക് മൊത്തം 399 അംഗബലമുണ്ട്.

മെർക്കലിനെ ചാൻസലറായി തെരഞ്ഞെടുക്കുന്നതിനു തൊട്ടുമുന്പുതന്നെ നിലവിലെ മന്ത്രിസഭ അധികാരമൊഴിഞ്ഞിരുന്നു. ചാൻസലറായി തെരഞ്ഞെടുത്ത മെർക്കലിനെ പതിനൊന്നു മണിയ്ക്ക് ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ ചാൻസലറായി പ്രഖ്യാപിച്ചു. ഉച്ചയോടെ ജർമനിയുടെ ഇരുപത്തിമൂന്നാമത്തെ മന്ത്രിസഭ മെർക്കലിന്‍റെ നേതൃത്വത്തിൽ പതിനാറംഗങ്ങൾ മന്ത്രിമാരായി പ്രസിഡന്‍റിന്‍റെ മുന്പിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പത്തൊൻപതാമത് പാർലമെന്‍റിലെ ആകെ അംഗസംഖ്യ 709 ആണ്. ഇതിൽ അംഗീകൃത പ്രതിപക്ഷമായ എഎഫ്ഡി യ്ക്ക് 94, എഫ്ഡിപി 80, ഇടതു പാർട്ടികൾ 67, ഗ്രീൻ പാർട്ടി 69 എന്നിങ്ങനെയാണ് കക്ഷിനില. സിഡിയുവിൽ നിന്നുള്ള വോൾഫ്ഗാങ് ഷൊയ്ബ്ളെയാണ് പാർലമെന്‍റ് സ്പീക്കർ.

89 കാരിയായ മെർക്കലിന്‍റെ അമ്മ ഹെർലിൻഡ് കാസ്നെർ, മെർക്കലിന്‍റെ ഭർത്താവ് യോവാഹിം സൗവർ, അദ്ദേഹത്തിന്‍റെ പുത്രൻ ദാനിയേൽ എന്നിവർ വോട്ടെടുപ്പിനു സാക്ഷ്യം വഹിയ്ക്കാൻ പാർലമെന്‍റിലെ സന്ദർശന ഗാലറിയിൽ ഉണ്ടായിരുന്നു.ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ട മെർക്കലിന് എസ്പിഡി നിയുക്ത അദ്ധ്യക്ഷ അന്ത്രയാ നാലെസ്, അധികാരമേറ്റ മെർക്കലിനെ പാർട്ടി ജനറൽ സെക്രട്ടറി വോൾക്കർ ഗൗഡർ, ഹൈക്കോ മാസ് എന്നിവർ ബൊക്ക നൽകി അനുമോദിച്ചു.

മുൻ എഎഫ്ഡി ചെയർമാൻ ഫ്രൗക്കെ പ്രെറ്റി, യൂർഗൻ ലൈനമാൻ രചിച്ച ന്ധഹോഹെൻറൗഷ് ന്ധ(ഉയർന്ന ലഹരി) എന്ന പുസ്തകം അഅംഗലാ മെർക്കലിന് സമ്മാനിച്ചത് ശ്രദ്ധേയമായി. രാഷ്ട്രീയക്കാരുടെ യാഥാർത്ഥ്യങ്ങളുടെ നഷ്ടത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്നതാണ് ഈ പുസ്തകം.

പതിനാറംഗ മന്ത്രിസഭയിലെ അംഗങ്ങൾ

ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയനിൽ(സിഡിയു) നിന്ന് ഹെൽഗെ ബ്രൗണ്‍ (ചാൻസലർ കാര്യവകുപ്പ്),പീറ്റർ ആൾട്ട്മയർ(വ്യവസായം ഉൗർജ്ജം), ജെൻസ് സ്ഫാൻ (ആരോഗ്യം), ആൻയ കാർലിസെക്(വിദ്യാഭ്യാസം/ഗവേഷണം), ഉർസുല ഫൊണ്‍ ഡെർ ലയൻ (പ്രതിരോധം), ജൂലിയ ക്ളോക്നർ (ഭക്ഷ്യം/കൃഷി) എന്നിവരും, കൂട്ടുകക്ഷിയായ എസ്പിഡിയിൽ നിന്ന് ഒലാഫ് ഷോൾസ് (ധനകാര്യവകുപ്പിനു പുറമെ ഉപചാൻസലർ പദവിയും), നിലവിലെ നീതി കാര്യമന്ത്രി ഹൈക്കോ മാസ് (വിദേശകാര്യം), ഹൂബർട്ടൂസ് ഹൈൽ(തൊഴിൽ) കറ്ററീന ബാർലി (നീതിന്യായം), സ്വെൻയ ഷുൾസ്(പരിസ്ഥിതി), ഫ്രാൻസിസ്ക ഗിഫി (കുടുംബക്ഷേമം), സിഎസ്യുവിൽ നിന്ന് ഹോർസ്റ്റ് സീഹോഫർ (ആഭ്യന്തരം), ആന്ത്രയാസ് ഷൊയർ (ഗതാഗതം), ഗേർഡ് മ്യൂള്ളർ (എക്ണോമിക് ഡെവലപ്മെന്‍റ)്, ഡോറോത്തി ബെയർ (സംസ്ഥാനങ്ങൾ/ ഐടി) എന്നിവരാണ് മന്ത്രിമാർ.

ഇതിൽ പ്രതിരോധം, നിയമം, വിദ്യാഭ്യാസം, കുടുംബ ക്ഷേമം, കൃഷിപരിസ്ഥിതി, കൃഷി എന്നീ വകുപ്പുകൾ വനിതകളെ ഏൽപ്പിച്ചിരിയ്ക്കുന്നത്. പുതുമുഖങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം നൽകിയ മന്ത്രിസഭയിൽ മന്ത്രിസഭാംഗങ്ങളുടെ ആവറേജ് പ്രായം 52 ആണ്. ഇതിൽ ഏറ്റവും കൂടിയത് ഹോർസ്റ്റ് സീഹോഫറിനാണ്(68). ഏറ്റവും പ്രായം കുറഞ്ഞയാൾ ജെൻസ് സ്ഫാൻ(37) ആണ്.നേരത്തെ അംഗങ്ങൾ പാർലമെന്‍റിൽ സ്പീക്കറുടെ മുന്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യ കാബിനെറ്റിന്‍റെ മീറ്റിംഗും നടന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍