ജർമൻ ആരോഗ്യ മേഖലക്ക് പുതുജീവൻ നൽകും: ആരോഗ്യമന്ത്രി സ്പാൻ
Friday, March 16, 2018 9:40 PM IST
ബർലിൻ: ചെറിയ തലത്തിൽ വലിയ സംഭാവനകളുമായി മെർക്കൽ സർക്കാരിലെ പുതിയ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ നഴ്സുമാർക്ക് പ്രതീക്ഷകൾ നൽകുന്നു. ജർമനിയിലെ ആരോഗ്യ മേഖലയിൽ വളരെ കുറച്ച് ജീവനക്കാരും വളരെ കുറഞ്ഞ ശന്പളവുമാണ് നിലവിലുള്ളതെന്നു തുറന്നു പറഞ്ഞ മന്ത്രി നഴ്സിംഗ് പ്രൊഫഷനെ കൂടുതൽ ആകർഷകമാക്കാൻ താൻ പ്രതിജ്ഞാബദ്ധമാണ്. വകുപ്പിന്‍റെ ഫണ്ടുകൾ പരിമിതമാണെങ്കിലും തികഞ്ഞ ഉയർന്ന പ്രതീക്ഷയിലാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 15 മുതൽ 17 വരെ ബർലിനിൽ നടക്കുന്ന ജർമൻ നഴ്സിംഗ് ഡേ (ജളഹലഴലമേഴ ഇീിഴൃലൈ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി സ്പാൻ.

മുപ്പത്തേഴുകാരനായ സ്പാൻ മെർക്കൽ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്. ജർമനിയിലെ നഴ്സിംഗ് മേഖല ഒരു വ്യവസായത്തിലുപരി മാനുഷിക തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള കരുണയുടെ മുഖം തെളിയുന്ന മേഖലയാക്കി മാറ്റുമെന്ന് സ്പാൻ പറഞ്ഞു.

ജർമൻ നഴ്സിംഗ് ദിനം രാജ്യത്തെ പ്രമുഖ നഴ്സിംഗ് കോണ്‍ഗ്രസിന്‍റെ ആഘോഷം കൂടിയാണ്. കോണ്‍ഗ്രസിന്‍റെ 2018 ലെ മുദ്രാവാക്യം “ സർഗവൈഭവത്തിലൂടെ കെയർ ഡിസിപ്ളിനറി“ എന്നതാണ്. ഇത്തവണത്തെ കോണ്‍ഗ്രസിൽ ഉയർന്ന കഴിവും വൈദഗ്ധ്യവുമള്ള വ്യക്തികളുടെ പ്രഭാഷണങ്ങൾ, ചർച്ചകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിൽ ഏറ്റവും പുതിയ വിഷയങ്ങളും പ്രവണതകളും ഉൾപ്പെടുത്തി മാനേജർമാർ, നഴ്സുമാർ, നഴ്സിംഗ് വിദ്യാർഥികൾ, പരിചരണത്തിൽ താല്പര്യമുള്ളവർ തുടങ്ങിയവരെ മുൻനിർത്തിയാണ് ആധുനിക കെയറിംഗ് ആസൂത്രണം ചെയ്യുന്നത്.

നഴ്സിംഗ് സമൂഹത്തിൽ നിന്നും വിദഗ്ധരെ ഉൾക്കൊള്ളിച്ച് ഒരു പൊതുപ്ലാറ്റ്ഫോം ഉണ്ടാക്കി എക്സ്ക്ലൂസീവ് പരിപാടികൾ, ഓഫറുകൾ എന്നിവ സംയോജിപ്പിച്ച് പരിരക്ഷ നൽകാനാണ് ജർമൻ നഴ്സിംഗ് കൗണ്‍സിൽ (ഡോയ്റ്റ്ഷെ ഫ്പ്ളീഗെ റാറ്റ്/ഡിപിആർ) ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ജർമനിയിലെ നഴ്സിംഗ് മേഖല ഒരു ദുരിതമേഖലയായി മാറിയിരിക്കുകയാണ്.കാരണം നഴ്സിംഗ് വൈദഗ്ധ്യമുള്ളവരുടെ കുറവ് മേഖലയെ ഏറെ തളർത്തിരിക്കുകയാണ്. ഈ മേഖലയിൽ അടിയന്തരമായി പ്രഫഷണലുകളെ നിയമിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ചാൻസലർ ആംഗലാ മെർക്കൽ പ്രഖ്യാപിച്ച കാര്യം മന്ത്രി ഓർമിപ്പിച്ചു. ഇതിനായി കൂട്ടുകക്ഷി മുന്നണിയിൽ കരാർ നടപടികളും പൂർത്തിയായി. അടിയന്തരമായി ഒരു മാസ്റ്റർ പ്ലാൻ അടുത്ത നൂറു ദിവസത്തിനകം തയാറാക്കി മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇൻപേഷ്യന്‍റ്, ചികിൽസാ സന്പ്രദായം എന്നിവയിൽ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. കെയർ,നഴ്സിംഗ് ഹോമുകൾ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ദുരന്ത മേഖലയായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് അടിയന്തരമായി വിദേശ രാജ്യങ്ങളിൽ നിന്നും നഴ്സിംഗ് പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി പറഞ്ഞു.മുന്പ പ്രഖ്യാപിച്ച് 8000 പേർ വെറും ചുരുങ്ങിയ സംഖ്യയാണെന്നും നിലവിൽ സ്ഥിതിയിൽ ഇതു മതിയാവിലെല്ലന്നുമാണ് വിദഗ്ധ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വകുപ്പിന്‍റെ മുൻ ചുമതലക്കാരനായ മന്ത്രി ഹെർമാൻ ഗ്രോഹെ നടത്തിയ ശ്രമങ്ങളെ മന്ത്രി സ്പാൻ പ്രശംസിച്ചു. ഇനിയും പുതിയ കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കിയാൽ മാത്രമേ ഈ മേഖല സന്പൂർണമാവുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

നഴ്സിംഗ് മേഖലയിലെ ശന്പള പരിഷ്ക്കരണം, രോഗികളുടെ എണ്ണം അനുസരിച്ചുള്ള പുതിയ പരിചരണ സ്കീം തുടങ്ങിയവയ്ക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

ജർമനിയിൽ 2007 മുതൽ നഴ്സിംഗ് ഇൻഷ്വറൻസ് ഫണ്ടിൽ ഗണ്യമായി കുറവുണ്ടാകുന്നത് മേഖലയെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴു ബില്ല്യണ്‍ യൂറോ മാത്രമാണ് നിലവിൽ ബാക്കി നിൽക്കുന്ന തുക. എന്നാലിത് വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

ജർമനിയിലെ നഴ്സിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉണ്ടായിരിയ്ക്കുന്ന സ്ഥിതിയ്ക്ക് മെർക്കൽ സർക്കാർ വിദേശ രാജ്യങ്ങളിലെ നഴ്സുമാർക്കായി ജർമനിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. കേരളത്തിൽ നിന്നും നഴ്സിംഗ് മേഖലയിലേയ്ക്ക് നല്ലൊരു കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ ജർമനിയിലുള്ളത്.

നഴ്സിംഗ് യോഗ്യതയും ജർമൻ ന്ധഭാഷാ ലെവൽ ബി 2 ഉം പാസായവർ ഒരു ജോബ് ഓഫർകൂടി കരസ്ഥമാക്കിയാൽ ജർമനിയിൽ നഴ്സിംഗ് ജോലിക്കായി അപേക്ഷിക്കാം. ജർമൻ എംബസി മുഖേനയോ, കോണ്‍സുലേറ്റുകൾ വഴിയോ ബന്ധപ്പെട്ട് മുന്നോട്ടുള്ള നടപടി ക്രമങ്ങൾക്കായി ശ്രമിക്കേണ്ടതാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ