പകരംവീട്ടി റഷ്യ: ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി
Saturday, March 17, 2018 6:49 PM IST
മോസ്കോ: ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. കഴിഞ്ഞ ദിവസം റഷ്യൻ നയതന്ത്രജ്ഞരെ ബ്രിട്ടണ്‍ പുറത്താക്കിയതിന് മറുപടിയെന്നോണമാണ് നടപടി. 23 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് റഷ്യ പുറത്താക്കിയത്. ഒരാഴ്ചക്കകം ഇവരോട് രാജ്യം വിട്ടുപോകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും യുകെയുടെ സാംസ്കാരിക സംഘടനകളുടേയും പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും റഷ്യ നിർദേശം നൽകിയിട്ടുണ്ട്.

22 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെ​​​രേ​​​സാ മേ ​​​ കഴിഞ്ഞ ദിവസം പുറത്താക്കിയത്. ബ്രിട്ടണ്‍ അഭയം നൽകിയ മുൻ റഷ്യൻ ചാരൻ സെ​​​ർ​​​ജി സ്ക്രി​​​പാ​​​ലി​​​നെയും മ​​​ക​​​ൾ യൂ​​​ലി​​​യായെയും ബ്രിട്ടനിൽവച്ച് കൊല്ലാൻ റഷ്യ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കില്ലെന്നും തെ​​​രേ​​​സാ മേ പറഞ്ഞിരുന്നു.