അഴിമതി കുരുക്കിൽ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ്; വിചാരണ ഉടൻ
Saturday, March 17, 2018 6:55 PM IST
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ് ജേക്കബ് സുമക്കെതിരായ അഴിമതി ആരോപണക്കേസുകളിൽ വിചാരണ ഉടൻ ആരംഭിക്കും. രാജ്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് യുദ്ധോപകരണങ്ങളും മറ്റ് ആയുധങ്ങളും വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. 1990മുതലുള്ള സംഭവങ്ങളിലാണ് സുമ വിചാരണ നേരിടുക.

75കാരനായ ജേക്കബ് സുമയെ കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്‍റെ പാർട്ടി നിർബന്ധിപ്പിച്ച് രാജി വയ്പിച്ചത്. തനിക്കെതിരായ ഒൻപതാമത്തെ അവിശ്വാസ നോട്ടീസും നൽകപ്പെട്ട സമയത്താണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നിരന്തരസമ്മർദങ്ങളോത്തുടർന്ന് അദ്ദേഹം രാജിവച്ചത്. കവർച്ച, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ 12 കുറ്റങ്ങളാണ് മുൻപ്രസിഡന്‍റിനെതിരെ ചുമത്തിയിട്ടുള്ളത്.